KeralaNews

എം എ ഖാദര്‍ കമ്മീഷനെതിരെ പ്ലസ് ടു അധ്യാപക സംഘടനകള്‍

 

തിരുവനന്തപുരം: പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തിന്റെ നിയന്ത്രണം ഒറ്റകുടക്കീഴിലാക്കാനുള്ള പ്രൊഫ.എം.എ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ കോടതിയെ സമീപിക്കുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ മികവിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് റിപ്പോര്‍ട്ടിന് പിന്നിലെന്നാണ് ആക്ഷേപം.

ഹയര്‍ സെക്കന്‍ഡറി മേഖലയെ പ്രത്യേകമായി നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷ ഹയര്‍ സെക്കന്‍ഡറി അധ്യാപക സംഘടനകളുടെ നിലപാട്. ഈ സാഹചര്യത്തില്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാനാണ് വിവിധ പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട് . അടുത്ത മാസം ആറിന് കേരള ഹയര്‍സെക്കണ്ടറി ടീച്ചേഴ്‌സ് യൂണിയന്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. റിപോര്‍ട്ട് നടപ്പിലാക്കിയാല്‍ കോടതിയെ സമീപിക്കാനാണ് ആലോചന.

കോണ്‍ഗ്രസ് അനുകൂല സംഘടനയായ എ.എച്ച്.എസ്ടിയുവും സമരം നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി യുഡിഎഫ് അനുകൂല സംഘടനകളുടെ സംയുക്ത യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കും. പ്രൊഫ ലബ്ബ കമ്മറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്ന് നടപ്പാക്കപ്പെട്ട നിര്‍ദേശങ്ങള്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഗുണപരമായ മാറ്റം വരുത്തിയിരുന്നതായും ഖാദര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പിലാക്കിയാല്‍ അതെല്ലാം തകര്‍ക്കപ്പെടുമെന്നാണ് അധ്യാപക സംഘടനകളുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button