KeralaLatest NewsNews

എംപാനല്‍ ജീവക്കാരുടെ സമരം; ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും

ബജറ്റ് സമ്മേളനത്തിനായി നിയമസഭാ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിവന്ന സമരം ഇന്ന് നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് മാറ്റും. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിയമസഭാസമ്മേളനം തുടങ്ങുന്നതിന് മുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം നിയമസഭക്കു മുന്നിലേക്ക് മാറ്റുമെന്ന് ജീവനക്കാരുടെ കൂട്ടായ്മ നേരത്തേ അറിയിച്ചിരുന്നു. ഇതിനിടെ പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പി എസ് സി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. പ്രതിദിനം 480 പ്രതിഫലം നല്‍കി താല്‍കാലിക ജീവനക്കാരെ കെ എസ് ആര്‍ ടി സി പണിയെടുപ്പിച്ചത് ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കെ എസ് ആര്‍ ടി സി മാനേജമെന്റിന്റെ നടപടി സുപ്രീംകോടതി വിധികള്‍ക്ക് എതിരാണ്. താല്‍കാലിക കണ്ടക്ടര്‍മാരെ മാറ്റി നിര്‍ത്തിയിട്ടും കെ എസ് ആര്‍ ടി സി സുഗമമായി പ്രവര്‍ത്തിക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു. വലിയ വരുമാനം ഉണ്ടായെന്നും ഇനി വരുന്ന ഒഴിവുകള്‍ പി എസ് സിയെ അറിയിക്കുമെന്നും കെ എസ് ആര്‍ ടി സി മറുപടി നല്‍കി.

ഒരു ബസിന് അഞ്ച് എന്ന അനുപാതത്തില്‍ കണ്ടക്ടര്‍മാര്‍ ഉണ്ടെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചപ്പോഴാണ് കണക്കില്‍ സുകാര്യത വേണമെന്നും നിങ്ങള്‍ ആരെയാണ് ഭയപ്പെടുന്നതെന്നും ഹൈക്കോടതി ചോദിച്ചത്. പത്തുവര്‍ഷം ജോലി ചെയ്തശേഷവും പ്രതികാര ബുദ്ധിയോടെയാണ് മാനേജ്‌മെന്റ് പെരുമാറുന്നതെന്ന് താല്‍കാലിക കണ്ടക്ടര്‍മാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ആവശ്യമെങ്കില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പിരിച്ചുവിട്ട തൊഴിലാലികളെ തിരിച്ചെടുക്കുക, അല്ലെങ്കില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button