KeralaLatest News

ഞങ്ങള്‍ക്ക് ആക്രമണം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും , ഇതു വെറും പബ്ലിസിറ്റി സ്റ്റണ്ട് : പ്രിയനന്ദനെതിരായ ആക്രമണം നിഷേധിച്ച് ബി.ജെ.പി

തൃശ്ശൂര്‍ : സംവിധായകന്‍ പ്രിയനന്ദനെതിരായ നടന്ന ആക്രമണത്തില്‍ തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ആരുമറിയാത്ത സംവിധായകന്റെ പബ്ലിസിറ്റി സ്റ്റണ്ടാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരല്ല. ഞങ്ങള്‍ക്ക് മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ദിവസം തന്നെ ചെയ്യാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ അന്ന് ജനാധിപത്യ മര്യാദ അനുസരിച്ചുള്ള പ്രതിഷേധം നടത്തി.
ഞങ്ങളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. പൊലീസ് കേസ് എടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിഷേധത്തിന് ഇറങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ കേസ് എടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

പ്രിയനന്ദന്‍ എന്ന ആരും അറിയാത്ത സംവിധായകന്‍ വെറുതെ ഷൈന്‍ ചെയ്യാനുള്ള ജാഡപരിപാടിയാണ് ഇപ്പോള്‍ കാണിച്ചത്. ഞങ്ങള്‍ക്ക് അക്രമം നടത്തണമെന്നുണ്ടെങ്കില്‍ അത് പറഞ്ഞിട്ട് തന്നെ ചെയ്യും. ആര്‍.എസ്.എസുകാര്‍ അക്രമം നടത്തി എന്ന് അയാള്‍ പറയുമ്പോഴേക്കും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു. ഇത് ഷൈന്‍ ചെയ്യാനുള്ള പരിപാടി മാത്രമാണ്’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വീടിന് നേരെ പ്രതിഷേധ പ്രകടനം നടത്തി പൊലീസ് കേസ് എടുത്തതോടെ ബി.ജെ.പിയെ സംബന്ധിച്ച് അത് അടഞ്ഞ അധ്യായമായി കഴിഞ്ഞു. വീണ്ടും അത് തുറക്കാന്‍ ആഗ്രഹിക്കുന്നത് അദ്ദേഹമാണ്. അവിടെ ക്യാമറയോ സിസി ടിവിയോ ഉണ്ടെങ്കില്‍ നോക്കി എടുത്തോട്ടെ. എന്തായാലും ഞങ്ങള്‍ അല്ല അത് ചെയ്തത് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button