തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചൂടിലേക്കാണ് രാജ്യം അടുത്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ മത്സരത്തിലാണ്. ചലച്ചിത്ര മേഖലയില്‍ നിന്നും മറ്റു മേഖലയില്‍ നിന്നും പ്രശസ്തരായവരെ ഇറക്കി മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിനിടെ പല പ്രമുഖരും മത്സരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നുവെങ്കിലും അത് നിഷേധിച്ചുകൊണ്ട് അവര്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ഇതിനിടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ ഇറക്കിക്കളിക്കാന്‍ ബിജെപി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്..
ശബരിമല യുവതീപ്രവേശത്തിനെതിരായ സമരവും അതിനുള്ള ആര്‍എസ്എസിന്റെ ഉറച്ച പിന്തുണയും തെരഞ്ഞെടുപ്പില്‍ ഗുണഫലം തരുമെന്ന പ്രതീക്ഷയിലുമാണു പാര്‍ട്ടി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട് എന്നിവയാണു പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍. തിരുവനന്തപുരം ഏതു വിധേനയും പിടിച്ചെടുത്തേ തീരൂവെന്നാണു കേന്ദ്ര നിര്‍ദേശം. മിസോറം ഗവര്‍ണറായ കുമ്മനം രാജശേഖരനെ രാജിവയ്പ്പിച്ചു തിരുവനന്തപുരത്തു സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. കേന്ദ്രനേതൃത്വത്തിന്റെയാകും അന്തിമ തീരുമാനം. കുമ്മനമില്ലെങ്കില്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കാം.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരുമുണ്ട്. പാര്‍ട്ടി നേതാക്കളല്ലെങ്കില്‍ പിന്നെ രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിക്കാണു സാധ്യത കൂടുതല്‍. കേരളത്തില്‍ തരംഗം തന്നെ സൃഷ്ടിക്കാനായി ദേശീയ നേതാക്കളാരെങ്കിലും തിരുവനന്തപുരത്തു മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മധുര സ്വദേശിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരു മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ രാജ്യസഭാംഗമായ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ലെന്നാണു നേതാക്കള്‍ പറയുന്നത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയാണ് പത്തനംതിട്ടയില്‍ മത്സരിക്കാനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ അദ്ദേഹമില്ല. നിലവില്‍ ശ്രീധരന്‍പിള്ളയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്‌സഭാ സീറ്റിനു കീഴിലുള്ള മണ്ഡലങ്ങളിലെ ബിജെപി മുന്നേറ്റമാണു തൃശൂരിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്ക് അടിസ്ഥാനം.
പ്രധാനമന്ത്രി 27ന് പങ്കെടുക്കുന്ന യുവമോര്‍ച്ചാ റാലിക്കു തിരഞ്ഞെടുത്തതും തൃശൂരാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍ രാധാകൃഷ്ണനോ കെ. സുരേന്ദ്രനോ സ്ഥാനാര്‍ഥിയാകാനാണു സാധ്യത. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കാറുള്ള പാലക്കാട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ പേരാണു മുന്നില്‍. സംസ്ഥാന സെക്രട്ടറിയും നഗരസഭാ ഉപാധ്യക്ഷനുമായ സി.കൃഷ്ണകുമാറിന്റെ പേരാണ് സംഘടനക്കുളളില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മണ്ഡലത്തില്‍ നടത്തിയ സ്വകാര്യസര്‍വേയില്‍ മുന്നിലെത്തിയതും കൃഷ്ണകുമാറാണ്.
കാസര്‍കോട്ടും കെ. സുരേന്ദ്രന്റെ പേരു പ്രചരിക്കുന്നുവെങ്കിലും അദ്ദേഹത്തിന് അവിടെ താല്‍പര്യമില്ലെന്ന സൂചനയുണ്ട്. ജില്ലയിലെ ഒരു വിഭാഗത്തിനു സുരേന്ദ്രനോടുള്ള അതൃപ്തി പരസ്യമായ രഹസ്യമാണ്. സുരേഷ് ഗോപി കാസര്‍കോടായാലോ എന്ന് അഭിപ്രായപ്പെടുന്നുവരുണ്ട്. സംസ്ഥാന കൗണ്‍സില്‍ അംഗം രവീശ തന്ത്രി കുണ്ടാറിനും സാധ്യതയുണ്ട്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്‍ എന്നിവരും മത്സരരംഗത്തുണ്ടാകുമെന്ന സൂചനകളാണു ശക്തം. അതിനിടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സജീവമായ മുന്‍ ഡിജിപി: ടി.പി. സെന്‍കുമാര്‍ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചന ശക്തമാണ്. കൊല്ലത്തും പേര് പറഞ്ഞു കേള്‍ക്കുന്നു. ബിഡിജെഎസിന് ഈ 2 സീറ്റുകളും താല്‍പര്യമുള്ളതിനാല്‍ സീറ്റ് വിഭജനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഇനി ആര് എവിടെ മത്സരിക്കും ജയിക്കും എന്ന് കാത്തിരുന്ന് കാണാം…
Post Your Comments