തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വിജയം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 4,752 ഹൈസ്‌കൂളുകളില്‍ 45,000 ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുമെന്നായിരുന്നു ഒരു വര്‍ഷം മുമ്പുള്ള പ്രഖ്യാപനം. പ്രഖ്യാപനം പാലിച്ചെന്ന് അഭിമാനത്തോടെ പറയാനാകും. 58,430 ലാപ് ടോപ്, 42,227 മള്‍ട്ടി മീഡിയ പ്രൊജക്ടര്‍ തുടങ്ങിയവ ഇതിനോടകം സ്‌കൂളുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ഒരു സ്‌കൂളിലൊഴികെ 4,751 സ്‌കൂളുകളിലും ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനുമായി. പൊതു വിദ്യാലയങ്ങളില്‍ മുഴുവന്‍ ഹൈടെക് ക്ലാസ് റൂം എന്ന ചരിത്ര നേട്ടത്തിലേക്ക് കേരളത്തെ കൈ പിടിച്ചുയര്‍ത്തുമെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് വ്യക്തമാക്കി.
വന്‍കിട പദ്ധതികളെ പോലെ തന്നെ വിദ്യാഭ്യാസ പുരോഗതിയെ പ്രധാന അജണ്ടയില്‍ ഉള്‍പ്പെടുത്തി അഞ്ഞൂറ് കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ ക്ലാസ് മുറികളെ ഹൈടെക് ആക്കുന്നത്. 92 ശതമാനം അധ്യാപകരും ഹൈടെക് സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് അധ്യാപനം നടത്തുന്നുണ്ട്. സമഗ്ര പോര്‍ട്ടലിനൊപ്പം സ്വന്തം നിലയില്‍ ഡിജിറ്റല്‍ വിഭവങ്ങള്‍ തയ്യാറാക്കി പഠിപ്പിക്കുന്ന അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 1898 സ്‌കൂളുകളിലായി 58,247 കുട്ടികളുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐ ടി ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആദ്യഘട്ടം വിജയിച്ചതോടെ രണ്ടാം ഘട്ടമായി പ്രൈമറി സ്‌കൂളുകളിലെ ക്ലാസ്‌റൂമുകള്‍ ഹൈടെക് ആക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. 9,941 സ്‌കൂളുകളില്‍ കൂടി ഹൈടെക് ലാബ് നിര്‍മ്മിക്കുന്ന പദ്ധതിക്ക് 292 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചു. സമയബന്ധിതമായി തന്നെ ഈ പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments