തിരുവനന്തപുരം: ലഹരി മാഫിയ വര്‍ധിച്ചതോടെ എക്‌സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കാനുള്ള സര്‍ക്കാര്‍ അനുമതി ഉടനുണ്ടാകും. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരി കടത്തു കേസുകള്‍ വര്‍ധിക്കുകയാണെന്നും, കേസുകള്‍ ഫലപ്രദമായി അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നതിന് ബജറ്റില്‍ തുക അനുവദിക്കണമെന്നും എക്‌സൈസ് വകുപ്പ് ധന വകുപ്പിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് 2018 ഒക്ടോബര്‍ 31ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഐപിഎസ് നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
പോലീസിലുള്ളതുപോലെ ക്രൈംബ്രാഞ്ച് എക്‌സൈസിലില്ല. കഞ്ചാവ് മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ മിക്കവരും അന്യസംസ്ഥാനക്കാരായതിനാല്‍ അവിടങ്ങളില്‍ ചെന്ന് അന്വേഷിക്കുന്നതിനും എക്‌സൈസിന് പരിമിതികള്‍ ഉണ്ട്. ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെങ്കിലും, എക്‌സൈസ് വകുപ്പില്‍ അംഗബലം കുറവായതിനാല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന് തടസങ്ങള്‍ ഏറെയുണ്ട്. സുപ്രീംകോടതി 2018 ഓഗസ്റ്റ് 16ന് പുറപ്പെടുവിച്ച വിധി അനുസരിച്ച് കേസെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് ആ കേസില്‍ തുടരന്വേഷണം നടത്താന്‍ കഴിയില്ല. സീനിയര്‍ ഉദ്യോഗസ്ഥനാണ് അന്വേഷിക്കേണ്ടത്. 678 അബ്കാരി കേസുകളും, 707 എന്‍ഡിപിഎസ്( നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്റ്റന്‍സ് നിയമം) കേസുകളും ഇത്തരത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം. ഇതുകൂടാതെ 3,464 അബ്കാരി കേസുകളിലും 4,712 എന്‍ഡിപിഎസ് കേസുകളിലും കേസ് കണ്ടുപിടിച്ചിരിക്കുന്ന ഉദ്യോഗസ്ഥനാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
Post Your Comments