KeralaLatest News

ശ്രീപദ്മനാഭസ്വാമീ ക്ഷേത്ര കേസില്‍ അന്തിമവാദം ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ അന്തിമവാദം ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ നടക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിരാ ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ക്ഷേത്രം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പ്രതിനിധികള്‍ നല്‍കിയ ഹര്‍ജികളില്‍ 2011 മുതല്‍ സുപ്രീംകോടതി വാദംകേട്ടുവരികയാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി, 2011 മുതല്‍ ഒട്ടേറെ ഇടക്കാല ഉത്തരവുകളും നിര്‍ദേശങ്ങളും ഇറക്കിയിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ 14-നാണ് ഹര്‍ജികള്‍ അന്തിമവാദത്തിനായി മാറ്റിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതിനിടെയുണ്ടാകുന്ന വിഷയങ്ങളില്‍ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്കു തീരുമാനമെടുക്കാമെന്നും അന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുസംബന്ധിച്ച് രാജകുടുംബവുമായി ചര്‍ച്ച നടത്തി നിലപാടറിയിക്കാന്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തോട് 2017-ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

ബി നിലവറ തുറക്കാത്തത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്ളതുകൊണ്ടാണെന്നാണ് രാജകുടുംബം വാദിച്ചത്. നേരത്തേ ഒമ്പതുതവണ നിലവറ തുറന്നിട്ടുണ്ടെന്ന് മുന്‍ സി.എ.ജി. വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചിരുന്നു. തുടര്‍ന്ന്, ക്ഷേത്രത്തിന്റെ വരവുചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ നിയമിക്കാനും കോടതി ഉത്തരവിടുകയുണ്ടായി.

ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വതപരിഹാരം നിയമനിര്‍മാണമാണെന്നും ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡിനു രൂപംനല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button