ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യ തലസ്ഥാനം. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസയാണ് ഇത്തവണ മുഖ്യാതിഥിയായ് എത്തുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ 25,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസും കേന്ദ്ര സായുധ സേനകളും ഇതില്‍ ഉള്‍പ്പെടും.
സുപ്രധാന മെട്രോ സ്റ്റേഷനുകളിലെല്ലാം പരിശോധനകള്‍ രണ്ടു ഘട്ടങ്ങളിലാക്കി കൂടുതല്‍ കര്‍ശനമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലും പ്രധാന മന്ത്രാലയങ്ങളോടു ചേര്‍ന്ന റോഡുകളിലും പ്രവേശന നിയന്ത്രണം ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സല്‍ നടക്കുന്ന രാജ്പഥിലും പരിസരങ്ങളിലും രാവിലെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഡല്‍ഹിയിലെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം തന്നെ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്.
പരേഡ് നടക്കുന്ന വേദിക്കരുകില്‍ മുപ്പതോളം ഫേസ് ഐഡന്റിഫിക്കേഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഭീകരബന്ധമുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെയും ഇത്തരത്തില്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയും. രാജ്പഥിലേക്കുള്ള 30 പ്രവേശന കവാടങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. മുന്‍കൂട്ടി റിക്കാര്‍ഡ് ചെയ്തു വെച്ചിട്ടുള്ള കുറ്റവാളികളുടെ മുഖവുമായി എഴുപതു ശതമാനം സാദൃശ്യമുള്ള ആളുകളാണ് കടന്നു പോകുന്നതെങ്കില്‍ ഉടന്‍ അലാറം മുഴങ്ങും. 250 സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
Post Your Comments