
ഐ.എം.ദാസ്
പതിനായിരക്കണക്കിന് വരുന്ന വിശ്വാസികളെ വെല്ലുവിളിച്ച് ശബരിമല സന്നിധാനമത്തെത്തിയ രണ്ട് യുവതികളാണ് ബിന്ദുവും കനകദുര്‍ഗയും. അയ്യപ്പനോടുള്ള വിശ്വാസത്തിനപ്പുറം ലിംഗസമത്വും സ്ത്രീ സ്വാതന്ത്ര്യവും ഊട്ടിയുറപ്പിക്കാനായിരുന്നു ഇത്രയും റിസ്‌ക്കെടുത്ത് ഇവര്‍ അയ്യപ്പവിശ്വാസികളുടെ കണ്ണ് വെട്ടിച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ സന്നിധാനത്തെത്തിയത്. അതിനു വേണ്ട എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ സര്‍ക്കാരും പൊലീസും തയ്യാറാകുകയും ചെയ്തു. മല കയറിയ യുവതികള്‍ക്ക് പുരോഗമനവാദികളുടെയും ഫെമിനിസ്റ്റുകളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും അഭിനന്ദനപൂച്ചെണ്ട് ആവോളം ലഭിച്ചു. പക്ഷേ ഇപ്പോള്‍ ഈ സ്ത്രീകളുടെ ഗതിയെന്താണെന്ന് കൂടി അറിയണം.
സുപ്രീംകോടതി വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല ദര്‍ശനം നടത്തിയ യുവതികളിലൊരാളായ കനകദുര്‍ഗയെ ഭര്‍ത്താവും ബന്ധുക്കളും തള്ളിപ്പറഞ്ഞതോടെ ഇവര്‍ പെരുവഴിയിലായി. സുരക്ഷിതമായി കിടന്നുറങ്ങാന്‍ പോലും സ്ഥലമില്ലാതായതോടെ യുവതിയെ പെരിന്തല്‍മണ്ണ പൊലീസ് വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകുന്നേരമാണ് കനക ദുര്‍ഗ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഭര്‍ത്താവിന്റെ അങ്ങാടിപ്പുറത്തെ വീട്ടിലും അരീക്കോട്ടുള്ള സഹോദരന്റെ വീട്ടിലും എത്തിയെങ്കിലും രണ്ടിടത്തും കനക ദുര്‍ഗയെ പ്രവേശിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. സുരക്ഷാകാരണങ്ങളാല്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനോ പൊതുസ്ഥലത്ത് പ്രവേശിക്കാനോ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ ഈ വിപ്ലവ വനിതയുടേത്
ഇതിനിടെ മരുമകള്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന് കനകദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. വീട്ടിലെത്തിയ തന്നെ അമ്മായിഅമ്മയും മറ്റു ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് കനകദുര്‍ഗയുടെ പരാതി. അത് അവരുടെ സ്വന്തം സഹോദരന്‍ ഉള്‍പ്പെടെ നിഷേധിച്ചിട്ടുണ്ട്. തന്റെ സഹോദരിയാണ് അമ്മായിയമ്മയെ മര്‍ദ്ദിച്ചതെന്നും അവളാണ് കുറ്റക്കാരിയെന്നും തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമത്തില്‍ കനകദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ തുറന്നു പറയുകയായിരുന്നു. ജോലി കിട്ടിയതിന് ശേഷം സ്വന്തം അമ്മയെ കാണാനോ സംസാരിക്കാനോ തയ്യാറാകാതെ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി നടക്കുന്ന കനകദുര്‍ഗയുടെ ധാര്‍മികതയേയും സഹോദരന്‍ പരസ്യമായി ചോദ്യം ചെയ്തിരുന്നു വിശ്വാസി സമൂഹത്തിനെ അപമാനിച്ച് ശബരിമലയിലെത്തിയ കനകദുര്‍ഗയെ അവരോട് ്മാപ്പ് പറയാതെ കുടുംബത്ത് കയറ്റില്ലെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ജീവന് ഭീഷണിയുള്ളതിനാല്‍ 24 മണിക്കൂറും സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും മുഴുവന്‍ സമയ സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചുരുക്കത്തില്‍ കോടതി നിര്‍ദേശം ഉള്ളതിനാല്‍ സര്‍ക്കാരിന് കനകദുര്‍ഗയുടെയും ബിന്ദുവിന്റെയും സുരക്ഷ ഉറപ്പാക്കിയേ തീരൂ. വിശ്വാസികളായ അയ്യപ്പഭക്തരുടെ മുന്നില്‍ സുപ്രീംകോടതി വിധി ഏത് വിധേനയും നടപ്പിലാക്കി ആചാരലംഘനം നടത്തി മറുപടി നല്‍കണമെന്ന പിണറായി സര്‍ക്കാരിന്റെ വാശി നടപ്പിലാക്കാനുള്ള ചട്ടുകമായിരുന്നു കനകദുര്‍ഗയും ബിന്ദുവും. ആ ആവശ്യം വിജയകരമായി നടപ്പിലാക്കുന്നതിന് സിപിഎം ഇരുവര്‍ക്കും ആവോളം ധൈര്യവും സംരക്ഷണവും നല്‍കുകയും ചെയ്തു. എന്നാല്‍ ആവശ്യം കഴിഞ്ഞതോടെ ഈ രണ്ട് യുവതികളും സര്‍ക്കാരിന് ബാധ്യതയാകുകയായിരുന്നു. കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ.
ചുരുക്കത്തില്‍ മലചവിട്ടി സ്ത്രീശക്തി തെളിയിക്കാനിറങ്ങിയ കനകദുര്‍ഗ ഇപ്പോള്‍ പെരുവഴിയിലാണ്. ഭര്‍ത്താവിന്റെ പിന്തുണ ഉള്ളതിനാല്‍ ബിന്ദുവിന്റെ കാര്യം തത്കാലം അത്ര വഷളായിട്ടില്ല. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതാനേതാക്കളും വിപ്ലവകാരികളും എന്തേ ഇപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാത്തത്. പൊലീസിന്റെ സംരക്ഷണയില്‍ ഏതെങ്കിലും അഭയകേന്ദ്രത്തില്‍ കഴിയേണ്ടവരാണോ ആ ധീരവനിത. സ്വാതന്ത്ര്യത്തോടെ സമൂഹത്തിലേക്കിറങ്ങാനും ജീവിക്കാനുമുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ത് ലിംഗസമത്വത്തെക്കുറിച്ചാണ് നിങ്ങള്‍ പ്രസംഗിക്കേണ്ടത്. കനകദുര്‍ഗ വളരെ ഭയക്കേണ്ടിയിരിക്കുന്നു. നിര്‍ഭയയും ധീരയുമായ വനിതാആക്ടിവിസ്റ്റ് എന്ന ലേബലില്‍ നിന്ന് നിസ്സഹായയും ജീവിക്കാന്‍ നെട്ടോട്ടമോടുന്നവളുമായ വെറുമൊരു സ്ത്രീയിലേക്ക് നിങ്ങള്‍ പരിവര്‍ത്തിതയായി കഴിഞ്ഞിരിക്കുന്നു.
സ്വന്തം ജീവന്‍ നഷ്ടപ്പെടുമോ എന്ന് തീര്‍ച്ചയായും കനകദുര്‍ഗയ്ക്ക് ഭയക്കേണ്ടിവരും. ആക്രമണം നടക്കുന്നത് വിശ്വാസം വ്രണപ്പെട്ട പ്രതിഷേധക്കാരുടൈ ഭാഗത്ത് നിന്നുതന്നെയായിരിക്കണം എന്ന് ഒരിക്കലും കരുതരുത്. നിങ്ങളിപ്പോള്‍ വലിയൊരു സാധ്യതയാണ് പലര്‍ക്കും. ഇല്ലാതായാലോ ഇല്ലാതാക്കിയാലോ നേട്ടങ്ങള്‍ വാരിക്കൂട്ടാന്‍ നിങ്ങളെ വച്ച് കളിക്കുന്നവര്‍ക്കറിയാം. രക്ഷകരും ശിക്ഷകരും ആരാണെന്ന് മനസിലാക്കാന്‍ പോലും അവസരം നല്‍കാതെ തുടച്ചുമാറ്റുക എന്നതാണ് രാഷ്ട്രീയത്തിന്റെ രീതിയും വഴിയും. സ്ത്രീ സമത്വമോ സ്ത്രീ സ്വാതന്ത്ര്യമോ അല്ല രാഷ്ട്രീയമാണ് വലുത്.. അത് അനുഭവം കൊണ്ട് തിരിച്ചറിയുന്നുണ്ടാകും കനകദുര്‍ഗ ഇപ്പോള്‍. ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അയ്യപ്പന്റെ അനുഗ്രഹത്തിനായാണ് ഭക്തര്‍ മല ചവിട്ടുന്നത്. ആ പുണ്യസന്നിധിയില്‍ ജീവിതഭാരം ഇറക്കി ആശ്വാസത്തോടെയാകും എല്ലാവരും മലയിറങ്ങുക. എന്നാല്‍ കനകദുര്‍ഗയ്ക്കും ബിന്ദുവിനും അത് തെറ്റി. പ്രാരാബ്ധങ്ങളുടെ ഭാണ്ഡമില്ലാതെ ശബരിമല കയറിയിറങ്ങിയ ഇരുവര്‍ക്കും ഇപ്പോള്‍ താങ്ങാനാകാത്ത സമസ്യകളാണ്. ജീവിതം തന്നെ കയ്യില്‍ നിന്ന് ചോര്‍ന്നുപോകുന്ന അവസ്ഥ. ഇനിയെങ്കിലും ആക്ടിവിസ്റ്റിന്റെ പരിവേഷമില്ലാതെ മനസുരുകി അയ്യപ്പനോട് പ്രാര്‍ത്ഥിക്കൂ വിധിയാംവണ്ണം വിശ്വാസത്തോടെ ഒരിക്കല്‍ കൂടി ആ സന്നിധിയിലെത്താം ഈ പ്രാരാബ്ധങ്ങളുടെ ദുരിതഭാണ്ഡം ഒന്നിറക്കി വയ്ക്കാന്‍ അനുഗ്രിക്കണേ എന്ന്…
Post Your Comments