NewsIndia

ബിജെപിയെ തോല്‍പ്പിക്കുമെന്ന് ജാട്ട് സംഘടനകള്‍

 

ജാട്ടുകള്‍ക്ക് സംവരണം നല്‍കിയില്ലെങ്കില്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ ബച്ചാവോ മഹാ ആന്ദോളന്‍ മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ജാട്ട് നേതാക്കളാണ് ബിജെപിക്കും മോദി സര്‍ക്കാരിനും മുന്നറിയിപ്പ് നല്‍കിയത്. ജാട്ട് സമുദായത്തിന് സംവരണവും മുന്നോക്ക ജാതിക്കാര്‍ക്ക് 10 ശതമാനം സംവരണവും ഏഴ് ദിവസത്തിനകം നല്‍കാമെന്ന വാഗ്ദാനം പാലിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചതായി നേതാക്കള്‍ ആരോപിച്ചു. 2016ലെ ജാട്ട് സംവരണ പ്രക്ഷോഭം വ്യാപക അക്രമത്തിലേയ്ക്ക് നീങ്ങുകയും 30 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ മായാവതിയുടെ പാര്‍ട്ടിയായ ബി എസ് പി വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുമെന്ന് യുപി ജാട്ട് നേതാക്കള്‍ പറയുന്നു. മായാവതി മാത്രമാണ് യുപിയില്‍ ജാട്ട് സംവരണത്തെ പിന്തുണച്ചത് എന്നതാണ് കാരണം.

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംവരണം തരാമെന്ന് പറഞ്ഞ് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തങ്ങളെ പറ്റിച്ചതായി ജാട്ട് നേതാക്കള്‍ ആരോപിക്കുന്നു. യുപിഎ സര്‍ക്കാര്‍ ജാട്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഹര്‍ജി നല്‍കാനോ നിയമനടപടികളുമായി മുന്നോട്ടുപോകാനോ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് ജാട്ടുകള്‍ കുറ്റപ്പെടുത്തി. ജാട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള രാജ്യത്തെ 131 ലോക്സഭ മണ്ഡലങ്ങളില്‍ ബിജെപി മുന്നണിയെ പരാജയപ്പെടുത്താനായി പ്രചാരണം നടത്തുമെന്ന് ജാട്ട് ആന്ദോളന്‍ ചീഫ് കോര്‍ഡിനേറ്റര്‍ ധരംവീര്‍ ചൗധരി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button