ഐ.എം ദാസ്
ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചാണ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പസംഗമം സമാപിച്ചത്. സന്ന്യാസിമാരും അധ്യാത്മിക ആചാര്യന്‍മാരും മറ്റ് പ്രമുഖരും അണിനിരന്ന വേദിയും വിശ്വാസസംരക്ഷണത്തിനായി ഒത്തുചേര്‍ന്ന ഹൈന്ദവവിശ്വാസികളും ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയത്. ഏത് കളി കളിച്ചിട്ടായാലും യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന സര്‍ക്കാരിന്റെ വാശി ജനഹൃദയങ്ങളില്‍ എത്രമാത്രം എതിര്‍പ്പുണ്ടാക്കുന്നതാണെന്ന് അയ്യപ്പസംഗമത്തില്‍ സംസാരിച്ച ഓരോരുത്തരും ഊന്നിപ്പറയുകയായിരുന്നു. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നതിനപ്പുറം ഹൈന്ദവിശ്വാസങ്ങളേയും ആചാരങ്ങളേയും പരിഹസിക്കാനും ഇല്ലാതാക്കാനുമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടത് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് തുടക്കം മുതലുള്ള നിലപാടുകളിലൂടെ വ്യക്തമായതാണ്.
വിനയായത് പിണറായിയുടെ അമിതാവേശം
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ഇടത് തീവ്രനിലപാടുകളുള്ള സംഘടനകളുടേയും പുരോഗമനപ്രസ്ഥാനങ്ങളുടെയും അതിരുവിട്ട ആവേശമാണ് വിശ്വാസികളെ പ്രകോപിപ്പിച്ചതും പ്രതിഷേധസമരത്തിലെത്തിച്ചതും. സമവായത്തിലൂടെയും പ്രായോഗികമായ തീരുമാനങ്ങളിലൂടെയും ആരെയും വ്രണപ്പെടുത്താതെ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്ന ഒരുവിഷയം അതിബുദ്ധികൊണ്ടും അമിതാവേശം കൊണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വഷളാക്കി എന്ന് നിസ്സംശയം പറയാന്‍ കഴിയും. തുടക്കത്തില്‍ സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിനൊപ്പം നിന്നിരുന്ന മാധ്യമങ്ങള്‍ പോലും പിന്നീട് സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്യുന്നത് ശരിയായ ദിശയില്‍ അല്ലെന്ന് വിളിച്ചുപറയാന്‍ തയ്യാറായത് കേരളം കണ്ടതാണ്.
താക്കീത് നല്‍കി അമൃതാനന്ദമയി ദേവി
കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളായിരുന്നില്ല പുത്തരിക്കണ്ടം മൈതാനത്ത് ഒത്തുകൂടിയത്. തെക്കന്‍ ജില്ലകളില്‍ നിന്നുമാത്രമെത്തിയ വിശ്വാസികള്‍ ഇത്രത്തോളം വരുമെങ്കില്‍ മുഴുവന്‍ ജില്ലകളില്‍ നിന്നുമുള്ള വിശ്വാസികളോട് അയ്യപ്പസംഗമത്തില്‍ല പങ്കെടുക്കാന്‍ കര്‍മസമിതി അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ തലസ്ഥാനത്ത് താങ്ങാനാകാത്തവിധം ജനസഞ്ചയം ഒത്തുകൂടുമായിരുന്നു. മാതാ അമൃതാനന്ദമയി അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതും സര്‍ക്കാരിന്റെ നിലപാടിനെ പരസ്യമായി എതിര്‍ത്തതുമാണ് അയ്യപ്പസംഗമത്തിന്റെ ഏറ്റവും വലിയ നേട്ടം. ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സര്‍വ്വപിന്തുണയും നല്‍കിയതും ലക്ഷക്കണക്കിന് വരുന്ന വിശ്വാസികളുടെ ആതമവിശ്വാസം വര്‍ദ്ധിപ്പിച്ച ഘടകമാണ്.
നിര്‍ത്തിപ്പൊരിച്ചത് പിണറായിയെ
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്രമേല്‍ വിമര്‍ശിക്കപ്പെട്ട മറ്റൊരു സദസും കേരളത്തിലുണ്ടായിട്ടില്ല എന്നുതന്നെ പറയാം. അതിശക്തമായ ഭാഷയില്‍ പിണറായി വിജയന്റെ നിലപാടിനെ ചോദ്യം ചെയ്യാന്‍ ആധ്യാത്മിക ആചാര്യന്‍മാര്‍ അയ്യപ്പസംഗമത്തില്‍ തയ്യാറായത് അത്ര നിസാരമായി കണ്ട് തള്ളിക്കളയാന്‍ സിപിഎമ്മിനാകില്ല. രൂക്ഷമായ ഭാഷയിലാണ് ചിദാനന്ദ സ്വാമികള്‍ ഉള്‍പ്പെടെയുള്ള സന്യാസി വര്യന്‍മാര്‍ പിണറായി വിജയനെ ചോദ്യം ചെയ്തത്.
രാഷ്ട്രീയനേതാക്കളാരും വേദിയില്‍ ഇല്ല എന്നതായിരുന്നു അയ്യപ്പസംഗമത്തിന്റെ മറ്റൊരു പ്രത്യേകത. ഇത് രാഷ്ട്രീയ പ്രശ്‌നമല്ല മതപരവും സാംസ്‌കാരികവും വൈകാരികവുമായ ഒരു വിഷയമാണെന്ന് ഉറപ്പിച്ചു പറയുന്ന രീതിയില്‍ സംഗമം നടത്താന്‍ കര്‍മസമിതിക്കായി. നാമജപപ്രതിഷേധം നടത്തിയതിന്റെ പേരില്‍ ജയിലിലായവരുടെ കേസ് നടത്താന്‍ വേണ്ടി രൂപീകരിച്ച ‘ശതം സമര്‍പ്പയായി’ പദ്ധതി സിപിഎം സൈബര്‍ പോരാളികള്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിക്ക് തീര്‍ത്താല്‍ തീരാത്ത കളങ്കം തന്നെയാണ്. ഇക്കാര്യം പതിനായിരക്കണക്കിന് വരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ കര്‍മസമിതി നേതാവ് കെപി ശശികല തുറന്നു പറഞ്ഞതും സര്‍ക്കാരിന് ക്ഷീണമായി.
മലകയറിയവരുടെ ഗതികേട്
ചുരുക്കത്തില്‍ അവിശ്വാസികളായ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ രണ്ട് ഫെമിനിസ്റ്റുകളെ സന്നിധാനത്തെത്തിച്ച സര്‍ക്കാരിന് തീര്‍ത്താല്‍ തീരാത്ത അപമാനം മാത്രമാണ് ഈ മണ്ഡലകാലം സമ്മാനിച്ചത്. വിശ്വാസികള്‍ പാലിക്കേണ്ട യാതൊരു മര്യാദയും കാണിക്കാതെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്തെത്തി ആചാരലംഘനം നടത്തിയെന്ന് അവകാശപ്പെട്ട രണ്ട് സ്ത്രീികളുടെയും അവസ്ഥ ദിനംപ്രതി മോശമാകുന്നതാണ് മറ്റൊരു കാഴ്ച്ച. യുവതികളിലരൊളായ കനകദുര്‍ഗയുടെ സഹോദരന്‍ അയ്യപ്പസംഗമവേദിയിലെത്തി അഞ്ച് വര്‍ഷമായി പെറ്റമ്മയെ കാണാനോ സംസാരിക്കാനോ കൂട്ടക്കാത്തവളാണ് തന്റ സെഹോദരിയെന്ന് തുറന്നു പറഞ്ഞതോടെ കനകദുര്‍ഗയുടെ ധാര്‍മികബോധം തകര്‍ന്നടിയുകയായിരുന്നു. സ്വന്തം അമ്മയോടുള്ള കര്‍ത്തവ്യം ന ിറവേറ്റാന്‍ കഴിയാത്തവളാണോ സ്ത്രീ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനായി നവോത്ഥാനത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന പരിഹാസവും പുച്ഛവുമാണ് ആ സ്ത്രീയോട് കേരളത്തിന് ഇപ്പോഴുള്ളത്. എന്തായാലും ശബരിമല വിഷയത്തില്‍ വിജയിച്ചെന്ന അഹങ്കാരത്തില്‍ തലയുയര്‍ത്തി നടക്കാമെന്ന പിണറായി സര്‍ക്കാരിന്റെ മോഹം അപഹാസ്യമാംവിധം തകര്‍ന്നുപോകുന്ന കാഴ്ച്ചയാണ് തിരുവനന്തപുരത്ത് നടന്ന അയ്യപ്പസംഗമം കാട്ടിത്തരുന്നത്. കള്ളം പറഞ്ഞും ക്രിത്രിമ രേഖ ഉണ്ടാക്കിയും വേഷം മാറ്റിയും അവിശ്വാസികളെ സംരക്ഷിക്കുന്ന സര്‍ക്കാരിന് ഇനിയും ശരിയായ കാഴ്ച്ചയുണ്ടായില്ലെങ്കില്‍ കാത്തിരിക്കുന്നത് വലിയ അനര്‍ത്ഥങ്ങളായിരിക്കും.
Post Your Comments