കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് എന്‍എസ്എസ് മുഖപത്രമായ സര്‍വീസ് മാസിക. സംവരണ വ്യവസ്ഥയില്‍ യാതൊരുവിധ മാറ്റവും വരുത്താതെ മുന്നോക്ക സമുദായത്തിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനം അഭിമാനവും ചരിത്രപരവും അഭിനന്ദനാര്‍ഹമാണെന്നും ഇതാണ് യഥാര്‍ത്ഥ നവോത്ഥാനമെന്നും മുഖപത്രത്തില്‍ പറയുന്നു.
സാമ്പത്തിക സംവരണം യാഥാര്‍ത്ഥ്യമായി. ഇതാണ് യഥാര്‍ത്ഥ നവോത്ഥാനം. എന്ന തലക്കെട്ടോടെയാണ് സര്‍വീസിന്റെ മുഖപ്രസംഗം ആരംഭിക്കുന്നത്. നിലവിലുള്ള സംവരണവ്യവസ്ഥയില്‍ യാതൊരു മാറ്റവും കൂടാതെ അവഗണിക്കപ്പെട്ട മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം തൊഴില്‍ എന്നീ മേഖലകളില്‍ 10% സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദാര്‍ഹമാണ്. സമുദായ ആചാര്യന്‍ മന്നത്തുപദ്മനാഭന്റെ കാലം മുതല്‍ മാറിമാറിവന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് എന്‍എസ്എസ് ഉന്നയിച്ച ആവശ്യമാണിത്. വിവിധ പ്രതിഷേധങ്ങളും സമരങ്ങളും ഇതിന്റെ ഭാഗമായി നടത്തി. 2006ല്‍ നിയമിച്ച സിന്‍ഹു കമ്മിഷന്‍ മുമ്പാകെ എന്‍എസ്എസ് വസ്തുനിഷ്ഠമായ വിവരങ്ങള്‍ തെളിവുകളും നല്‍കി. എന്നാല്‍ 2010 കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും, അവര്‍ നിയമിച്ച കമ്മീഷന്‍ ആയിട്ട് പോലും അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല എന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സര്‍ക്കാരിനെ സമീപിച്ചു. ആ ആവശ്യത്തിന് മേല്‍ അനുകൂലമായ ഒരു തീരുമാനമാണ് ഇന്ന് കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
രാജ്യത്തെ സംവരണ സമ്പ്രദായത്തെക്കുറിച്ച് പഠനം നടത്തി സാമൂഹ്യനീതി എല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ഉറപ്പുവരുത്താനുള്ള നടപടികളായിരുന്നു നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നാണ് ഈ ശക്തമായ തീരുമാനത്തിലൂടെ തെളിയിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയും മറ്റുള്ളവരെ പോലെ കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ അഭിമാനംകൊള്ളുന്നു എന്നുപറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
Post Your Comments