Latest NewsKerala

ശബരിമല: പട്ടികയിലെ തെറ്റുതിരുത്തന്‍ ഒരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന വിധി വന്നതിന് ശേഷം 10 നും 50 നും ഇടയില്‍ പ്രായമുള്ള 51 പേർ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതായി കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ വിവാദ പട്ടിക തിരുത്തുന്നു.

തെറ്റുകള്‍ കണ്ടെത്തി തിരുത്താന്‍ ഡിജിപിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാരിനു തിരിച്ചടിയായ പിഴവ് സംഭവിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ എഡിജിപി അനില്‍ കാന്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ 51 പേരില്‍ 3 പുരുഷന്മാരും 50 വയസ്സു കഴിഞ്ഞ 17 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വിശദ പരിശോധനയ്ക്കു ശേഷം പുതിയ പട്ടിക കൈമാറും. ഭരണപക്ഷത്തിന് നാണക്കേടായ പൊലീസ് കണക്കിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും രംഗത്തെത്തിയിരുന്നു.

മാത്രമല്ല പട്ടിക സമര്‍പ്പിച്ചപ്പോള്‍ പൊലീസിനു സംഭവിച്ച പിഴവില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നു സുപ്രീം കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ പറയുന്നു. എന്നാല്‍, പട്ടിക കൈമാറിയപ്പോള്‍ പിഴവുകളുണ്ടാകാമെന്ന മുന്നറിയിപ്പോടെയാണ് നല്‍കിയത് എന്നാണ് പൊലീസിന്റെ വാദം. അതിനിടെ, ഇപ്പോള്‍ ഉള്ള പട്ടികയിലെ പുരുഷന്മാരുടെ പേര് മാത്രം ആയിരിക്കും ഒഴിവാക്കുക എന്ന് അഭിഭാഷകര്‍ പറഞ്ഞു.

മാത്രമല്ല ശബരിമലയില്‍ സന്നിധാന ദര്‍ശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകര്‍ക്കാണ് എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തു. ഇതില്‍ തെറ്റുകള്‍ ഉണ്ടായാല്‍ അപേക്ഷകര്‍ തിരുത്തണം. ഓരോരുത്തരും അവരുടെ വിവരങ്ങള്‍ തെളിയിക്കുന്നതിനായി സമര്‍പ്പിക്കുന്ന രേഖകള്‍ സര്‍ക്കാരിന് വിശ്വാസത്തിലെടുക്കാനേ കഴിയൂ എന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button