ചേര്‍ത്തല: അപ്രതീക്ഷിതമായി ധനലക്ഷ്മിയെ തേടിയെത്തിയത് 80 ലക്ഷത്തിന്റെ ഭാഗ്യം. നിനച്ചിരിക്കാതെ ധനാഢ്യയായെങ്കിലും ധനലക്ഷ്മി അതില്‍ മതിമറക്കുന്നില്ല. ഇതുവരെ തന്റെ ഉപജീവന വഴിയായ കടല വില്‍പ്പന തുടരാനാണീ തമിഴ് പെണ്‍കൊടിയുടെ തീരുമാനം.
തേനിയില്‍ നിന്നെത്തി ഉത്സവ പറമ്പുകളിലും മറ്റും കടലയും കപ്പലണ്ടിയും വില്‍പ്പന നടത്തുകയാണ് ധനലക്ഷ്മി. കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷമാണ് ഈ മുപ്പതുകാരിക്കു ലഭിച്ചത്. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ പി.എല്‍. 472837 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം.
വല്ലപ്പോഴും ലോട്ടറിയെടുക്കുന്ന ധനലക്ഷ്മി അര്‍ത്തുങ്കലില്‍നിന്നാണ് ടിക്കറ്റെടുത്തത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു. നാലുപതിറ്റാണ്ടു മുന്‍പ് തേനിയില്‍നിന്ന് എത്തിയ പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെതാണ് ധനലക്ഷ്മി. അര്‍ത്തുങ്കലിലാണ് വാടകയ്ക്കു താമസിക്കുന്നത്.
പത്തുവര്‍ഷം മുന്‍പാണ് ചിന്നയ്യന്‍ മരിച്ചത്. ഇത്രയും നാളും വാടകയ്ക്കു താമസിച്ചതിനാല്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ സമ്മാനത്തുക ഉപയോഗിക്കുമെന്ന് ധനലക്ഷ്മി പറഞ്ഞു.
Post Your Comments