തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സ്ഥാനാർഥികൾ ഏതെങ്കിലും കേസിലെ പ്രതിയാണെങ്കിൽ കേസുകളുടെ വിവരം നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ നൽകുന്നതിനൊപ്പം പ്രധാന മാധ്യമങ്ങളിൽ മൂന്നു തവണ പരസ്യപ്പെടുത്തുകയും വേണമെന്ന നിബന്ധന ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലും കർശനമായി നടപ്പാക്കുന്നു.
മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി. പരസ്യപ്പെടുത്തുന്നതിനൊപ്പം ക്രിമിനൽ കേസ് വിവരങ്ങൾ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും വേണം. സുപ്രീം കോടതി നിർദേശപ്രകാരമാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.
കേസുകളുടെ എണ്ണം, സ്വഭാവം, നിയമനടപടികളുടെ നിലവിലെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെല്ലാം ഫോം 26 പ്രകാരമുള്ള സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തണം.നിയമനടപടി പൂർത്തിയായ കേസുകളുടെ വിവരങ്ങളും നൽകണം. കേസില്ലെങ്കിൽ ഇല്ല എന്നു രേഖപ്പെടുത്താം. വിവരങ്ങൾ തെറ്റാണെന്നു ബോധ്യപ്പെട്ടാൽ പത്രിക തള്ളുന്നത് ഉൾപ്പെടെ നടപടി സ്വീകരിക്കും. പത്രിക സമർപ്പിച്ച ശേഷമാണു സ്ഥാനാർഥികളും പാർട്ടികളും കൂടുതൽ പ്രചാരമുള്ള പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും 3 തവണ പരസ്യം ചെയ്യേണ്ടത്.
Post Your Comments