തൃശൂർ : മാന്ദാമംഗലം സെന്റ് മേരീസ് പളളിയിൽ ഓർത്തഡോക്സ്, യാക്കോബായ സഭ വിശ്വാസികൾ തമ്മിലുണ്ടായ പള്ളി തർക്കത്തിൽ അന്തിമ തീരുമാനം അറിയിക്കാൻ കളക്ടറുടെ നിർദ്ദേശം. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രേഖാമൂലം നിലപാട് അറിയിക്കാനാണ് ജില്ലാകളക്ടര്‍ ടി വി അനുപമ നല്കിയിരിക്കുന്ന നിർദ്ദേശം.
മാന്ദാംമംഗലം സെന്‍റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്സ് -യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം യോഗം വിളിച്ചിരുന്നു.യാക്കോബായ വിഭാഗത്തോട് പ്രധാനമായും രണ്ടു നിര്‍ദേശങ്ങളാണ് കളക്ടര്‍ മുന്നോട്ടുവെച്ചിരുന്നത്.പള്ളിയില്‍ 3 ദിവസമായി തുടരുന്ന പ്രാര്‍ത്ഥനയജ്ഞം അവസാനിപ്പിക്കാന്‍ യാക്കോബായ വിഭാഗം തയ്യാറായി.
എന്നാല്‍ ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളില്‍ നിന്നും ആരാധനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന ആവശ്യത്തില്‍ പെട്ടെന്ന് തീരുമാനമെടുക്കാനാകില്ലെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.സഭയുടെ മേലധക്ഷ്യന്‍മാരുമായി കൂടുതല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ഈ സാഹചര്യത്തിലാണ് ഇവർക്ക് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ കളക്ടര്‍ സമയം അനുവദിച്ചത്.ഹൈക്കോടതി ഉത്തരവ് ലംഘിക്കുന്ന തീരുമാനം എന്തായാലും അംഗീകരിക്കില്ലെന്ന് കളക്ടര്‍ യാക്കോബായ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.ഇക്കാര്യത്തില്‍ കളക്ടറുടെ നിര്‍ദേശത്തിനപ്പുറമുളള എന്തെങ്കിലും തീരുമാനം യാക്കോബായ വിഭാഗം എടുക്കില്ലെന്നാണ് സൂചന.
അതേസമയം ഹൈക്കോടതിയില്‍ നിലവിലുളള അപ്പീല്‍ കേസില്‍ തീരുമാനം ആകുന്നതുവരെ പള്ളിയിലോ പള്ളിയുടെ പരിസരങ്ങളിലോ പ്രവേശിക്കരുതെന്ന നിര്‍ദേശം ഓര്‍ത്തഡോക്സ് വിഭാഗം കഴിഞ്ഞ ദിവസം തന്നെ അംഗീകരിച്ചിരുന്നു.
Post Your Comments