കണ്ണൂര്‍ : കേരള ബാങ്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും മികച്ച രീതിയില്‍ ബാങ്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ രംഗത്തെ കുതിച്ച് ചാട്ടത്തിന് കേരള ബാങ്ക് വഴിവെക്കും. സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരള ബാങ്ക് നിലവില്‍ വരുമ്പോള്‍ ജില്ലാ ബാങ്കിലെ ജീവനക്കാര്‍ക്ക് പ്രയാസം ഉണ്ടാകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. എല്ലാ ജീവനക്കാരും ഈ ബാങ്കിന്റെ ഭാഗമായി മാറുകയാണ് ചെയ്യുക. ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണ്. ജില്ലാ ബാങ്കുകളുടെ കരുത്ത് മുഴുവന്‍ സംസ്ഥാന ബാങ്കിലേക്ക് ആവാഹിക്കും. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഷെഡ്യൂള്‍ഡ് ബാങ്കിനോടും കിടപിടിക്കാനുള്ള കരുത്ത് കേരള ബാങ്കിനുണ്ടാകും. ജില്ലാ ബാങ്കുകളിലൂടെ പ്രൈമറി ബാങ്കുകള്‍ക്ക് ലഭിക്കുന്ന എല്ലാ സഹായവും നേരിട്ട് ലഭിക്കുന്ന നിലയുണ്ടാകും. കേരള ബാങ്കിന്റെ നേരിട്ടുള്ള കൈകാര്യ കര്‍ത്താവായി പ്രൈമറി ബാങ്കുകള്‍ മാറുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നുള്ളതാണ് സഹകരണ ബാങ്കുകളുടെ പ്രത്യേകത. ഇത്തരം സേവനങ്ങളിലൂടെ നാട്ടുകാരുമായി വലിയൊരു ഹൃദയ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അഴിമതി ഉണ്ടായിരുന്നില്ല എന്നതായിരുന്നു സഹകരണ മേഖലയുടെ വലിയ നേട്ടം. എന്നാല്‍ സമൂഹം മാറിയപ്പോള്‍ ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. പൊതുവെ അഴിമതിയില്‍ നിന്ന് മാറി നില്‍ക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വസ്തുതയാണ്. ക്രഡിറ്റ് ബാങ്ക് മേഖലയില്‍ മാറ്റം വരുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്‍, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിന്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എ മഹേഷ്, സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം കെ ദിനേശ് ബാബു, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ വി നാരായണന്‍, പാപ്പിനിശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ബാലകൃഷ്ണന്‍, വിവിധ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments