ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം പട്യാല കോടതി തള്ളി. പ്രൊസിക്യൂഷന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളിയത്.
രാജ്യദ്രോഹക്കേസുകളില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമേ കുറ്റപത്രം ഫയല്‍ ചെയ്യാവൂ എന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ കുറ്റപത്രം ഫയല്‍ ചെയ്തതിന് ശേഷമാണ് ദില്ലി പൊലീസ് സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്. സര്‍ക്കാരാകട്ടെ ഇത് വരെ പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അടുത്തമാസം ആറിന് കേസ് പരിഗണിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്‍ നിന്ന് അനുമതി നേടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കനയ്യകുമാര്‍ അടക്കം പത്ത് പേര്‍ക്കെതിരെയാണ് ദില്ലി പൊലീസ് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1200 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ ദില്ലി പൊലീസ് സമര്‍പ്പിച്ചത്.ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്ബതിനാണ് സംഭവം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്സല്‍ ഗുരു.
Post Your Comments