ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയുടെ സഞ്ചിത കടം 82 ലക്ഷം കോടി രൂപയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാലര വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ രാജ്യത്തിന്റെ കടം 49 ശതമാനം വര്‍ദ്ധിച്ചു. വെള്ളിയാഴ്ച പുറത്തുവന്ന രാജ്യത്തിന്റെ കടം സംബന്ധിച്ച എട്ടാമത് സ്റ്റാറ്റസ് പേപ്പറിലാണ് ഇതു സംബന്ധിച്ച് സൂചനയുള്ളത്. ധനകാര്യ മന്ത്രാലയമാണ് ഇത് പുറത്തുവിട്ടത്. 2018 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ കടം 82,03,253 കോടി രൂപയാണ്. 2014 ജൂണ്‍ വരെ 54,90,763 കോടി രൂപ മാത്രമായിരുന്നു കടം.
നാലര വര്‍ഷത്തിനിടെ പൊതുകടം 48 ലക്ഷം കോടിയില്‍ നിന്ന് 73 ലക്ഷം കോടിയായി ഉയര്‍ന്നതാണ് ഇതിനു കാരണം. 51.7 ശതമാനമാണ് വര്‍ദ്ധന. ആഭ്യന്തര കടം 54 ശതമാനം വര്‍ദ്ധിച്ച് 68 ലക്ഷം കോടിയായി മാറുകയും ചെയ്തു. ഇക്കാലയളവില്‍ മാര്‍ക്കറ്റ് ലോണുകളിലുള്ള ആശ്രിതത്വം 47.5 ശതമാനം ഉയര്‍ന്ന് 52 ലക്ഷം കോടിയായി മാറി. രാജ്യത്തിന്റെ ധനകമ്മി പരിഹരിക്കാന്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വായ്പകളെയാണ് സര്‍ക്കാര്‍ ആശ്രയിക്കുന്നതെന്നാണ് ധനമന്ത്രാലയം നല്‍കുന്ന വിശദീകരണം.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ നവംബര്‍ വരെയുള്ള എട്ടു മാസങ്ങളില്‍ രാജ്യത്തിന്റെ ധനകമ്മി 7.17 ലക്ഷം കോടി രൂപയാണ്. ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന 6.24 ലക്ഷം കോടിയേക്കാള്‍ 114.8 ശതമാനം കൂടുതലാണ് ഇത്. രാജ്യത്തിന്റെ സഞ്ചിത കടത്തില്‍ ഇത്രയും വര്‍ദ്ധന രേഖപ്പെടുത്തി സ്ഥിതിക്ക് വിപണിയില്‍ നിന്ന് വായ്പയെടുത്ത് ധനകമ്മി കുറയ്ക്കാനും കഴിയാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments