തിരുവനന്തപുരം: 51 യുവതികൾ ശബരിമല കയറിയെന്ന റിപ്പോർട്ട് സ്ഥിരീകരിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ഓൺലൈൻ വഴിയാണ് യുവതികൾ മലകയറാൻ രജിസ്റ്റർ ചെയ്തതെന്നും കേരളത്തിൽനിന്നുള്ള ആരുടെയും പേര് പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ആന്ധ്രാ , തമിഴ്‌നാട് ,ഗോവ ,കർണാടക തുടങ്ങിയ സംസ്ഥാനത്ത് നിന്നുള്ളവരാണ് രജിസ്റ്റർ ചെയ്തവർ. 24 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്, എല്ലാവരും നാൽപ്പത് വയസിന് മുകളിലാണ് പ്രായം. എല്ലാവരും പേരും വിലാസവും ആധാർ നമ്പറും സമർപ്പിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. 7564 പേർ മലകയറാൻ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 51 പേരാണ് മല കയറിയത്.
അതേസമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. മതിയായ സുരക്ഷ ഇപ്പോൾത്തന്നെ നൽകുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.
Post Your Comments