കുവൈറ്റ് സിറ്റി: 18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷിക്കുന്നതിനായി കുവൈറ്റില്‍ എത്തിയപ്പോഴായിരുന്നു അപകടം.
ഹോട്ടലില്‍ താമസിച്ചിരുന്ന കുടുംബം റൂം ഒഴിയുന്നതിനായി സാധനങ്ങള്‍ തയ്യാറാക്കുന്നതിനിടെയാണ് മകന്‍ ഒപ്പമില്ലെന്ന് മനസിലാക്കിയത്. പരിസരത്ത് അന്വേഷിച്ചതിനൊപ്പം ഹോട്ടല്‍ അധികൃതരെയും വിവരമറിയിച്ചു. ഇവര്‍ നടത്തിയ പരിശോധനയിലാണ് പൂളില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
ശരീരം ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആംബുലന്‍സ് സര്‍വീസിന്റെ നമ്പര്‍ അറിയാത്തതിനാല്‍ കുടുംബം ഇവരുടെ സ്വകാര്യ വാഹനത്തിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 20 മിനിറ്റ് യാത്ര ചെയ്ത് ആശുപത്രിയിലെത്തിയപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പിന്നീട് ആംബുലന്‍സില്‍ മൃതദേഹം കുവൈറ്റ് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
സ്വിമ്മിങ് പൂളിന് സമീപം സുരക്ഷാ ജീവനക്കാരോ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഹോട്ടല്‍ മാനേജ്‍മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ഹോട്ടലിലെ ലിഫ്റ്റിന്റെ ഡോര്‍ നേരെ സ്വിമ്മിങ് പൂളിലേക്കാണ് തുറക്കുന്നതെന്നും ഇതാണ് കുട്ടിയെ എളുപ്പത്തില്‍ അവിടേക്ക് എത്തിച്ചതെന്നും അച്ഛന്‍ പറഞ്ഞു.
Post Your Comments