ചെങ്ങന്നൂര്‍: സഹോദരന്റെ മൃതദേഹത്തിനരികിലിരുന്ന് ജിഫിലി അന്ന് നെഞ്ചുരുകിപാടി ‘മറുകരയില്‍ നാം വീണ്ടും കണ്ടിടും’. അന്ന് ജിഫിന്റെ മരണാന്തര ചടങ്ങിനെത്തിയവര്‍ അത് ഏറ്റു പാടിയപ്പോള്‍ അവര്‍ ഒരിക്കലും കരുതിയിരുന്നില്ല ആ വാക്കുകള്‍ അച്ചട്ടാക്കി ജിഫിലും സഹോരന്റെ അടുത്തേയ്ക്ക് മടങ്ങുമെന്ന്.
രണ്ടു മാസത്തെ ഇടവേളയിലാണ് ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം.ജോര്‍ജും സഹോദരി ജിഫിലും ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഉറക്കത്തില്‍ ജിഫിനെ മരണം കവര്‍ന്നെടുത്തപ്പോള്‍ സഹോദരനു പിന്നാലെ ജിഫിലിനും ദൈവം കാത്തു വച്ചത് അതേ വിധിയായിരുന്നു.
അതേസമയം അടുത്തടുത്ത് സഹോദരങ്ങളുടെ സമാനരീതിയിലുള്ള വേര്‍പാട് ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. മക്കള്‍ നഷ്ടപ്പെട്ട ജോര്‍ജ്- സോഫി ദമ്പതിമാരെ ആര്‍ക്കും വാക്കുകള്‍ കൊണ്ടു പോലും ആശ്വസിപ്പിക്കാനായില്ല.
വിവാഹം കഴിഞ്ഞ് ആറുമാസം ആകുമ്പോഴാണ് ജിഫിനെ മരണം കവര്‍ന്നെടുത്തത്. ദുബായിയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്ന ജിഫിന്‍ ഫ്‌ളാറ്റില്‍ തനിച്ച് താമസിക്കുകയായിരുന്നു. ജിഫിന്റെ മരണ ശുശ്രൂഷയ്ക്കിടിയിലാണ് ‘മറുകരയില്‍ നാം വീണ്ടും കണ്ടിടും, സ്വര്‍ണത്തെരുവില്‍ വീണ്ടും’ എന്ന് ഗാനം വിതുമ്പലോടെ ജിഫിലി പാടിയത്. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ദുബായിയിലേയ്ക്കു മടങ്ങിയ ജിഫിലി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സഹോദരനെപ്പോലെ ഉറക്കത്തിലേയ്ക്ക് ആണ്ടുപോയി.
ജിഫിന് സംഭവിച്ചതുപോലെ ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് 24 കാരിയായ ജിഫിലിയുടെയും മരണകാരണം. ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് ജിഫിലി. വിവാഹിതയായ ജിഫിലി ഭര്‍ത്താവ് ശ്രീയ്ക്കും രണ്ട് വയസ്സുകാരി മകള്‍ സാന്ദ്രയ്ക്കുമൊപ്പം അവിടെ തന്നെയാണ് താമസിച്ചിരുന്നത്.
Post Your Comments