മെല്‍ബണ്‍: ഓസ്ട്രേലിയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 231 റണ്‍സ് വിജയ ലക്ഷ്യം. ഏകദിനത്തിലെ രണ്ടാം അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ചാഹലിന്റെ പ്രകടനമാണ് ഓസിസിനെ 230 തില്‍ ഒതുക്കിയത്. ചഹാല്‍ 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്തു. ഉസ്മാന് ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്സണ് (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ മടക്കിയത്.
ഭുവനേശ്വര്‍ കുമാറാണ് ഓസ്ട്രേലിയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. സ്കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്സ് കാരിയെ ഭുവി കോലിയുടെ കൈയിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി. ഭുവനേശ്വര്‍ കുമാറിന് പുറമേ മുഹമ്മദ് ഷമ്മിയും രണ്ടു വിക്കറ്റെടുത്തു. മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിചേര്‍ത്ത മാര്‍ഷ് ഖവാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഓരോ മത്സരങ്ങള്‍ വീതം ജയിച്ച ഇരുടീമും പരമ്പരയില്‍ ഒപ്പമാണ്. സിഡ്നിയില്‍ ഓസീസ് സന്ദര്‍ശകരെ 34 റണ്ണിന് കീഴടക്കിയപ്പോള്‍ അഡ്ലെയ്ഡില് ആറ് വിക്കറ്റിന്റെ ജയത്തോടെയാണ് ഇന്ത്യ ഇതിന് മറുപടി നല്‍കിയത്.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഡ്ലെയ്ഡില് കളിച്ച ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ടീമില്‍ ഇടം ലഭിച്ച വിജയ് ശങ്കര്‍, ഇന്ത്യയ്ക്കായി അരങ്ങേറി. അഡ്ലെയ്ഡില് ഫോം കണ്ടെത്താനാകാതെ പോയ മുഹമ്മദ് സിറാജിനു പകരം വിജയ് ശങ്കറെ ടീമില്‍ ഉള്‍പ്പെടുത്തി. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടംപിടിച്ചു. മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു.
Post Your Comments