![KAIVALYA](/wp-content/uploads/2019/01/kaivalya.jpg)
കായംകുളം: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ‘കൈവല്യ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് (മോഡല്‍ കൈവല്യ സെന്റര്‍) കായംകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വെച്ച് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കൈവല്യ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ മേഖലയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ടവര്‍ അല്ലെന്നും ഇവര്‍ക്കായി സാധ്യമായ എല്ലാ സഹായങ്ങളും സംസ്ഥാന തൊഴില്‍ വകുപ്പില്‍ നിന്നും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസിന് കീഴില്‍ ഇന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒട്ടേറെ തൊഴില്‍ പദ്ധതികളും അവസരങ്ങളും ലഭ്യമാണ് . ഇവയുടെ എല്ലാ സേവനങ്ങളും കായംകുളത്ത് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തില്‍ ലഭ്യമാകും. ഇതിനായി എല്ലാ തരത്തിലുള്ള സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. സംസ്ഥാനത്ത തൊഴില്‍ മേഖലയില്‍ മികച്ച പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ജോബ് പോര്‍ട്ടലുകള്‍ വഴിയും ജോബ് ഫെയറുകളിലൂടെയും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈവല്യ പോലെയുളള പദ്ധതികള്‍ ഏറെ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Post Your Comments