75 വിമാനങ്ങള്‍, 2 ആണവ റിയാക്ടറുകള്‍ അമേരിക്കന്‍ നാവിക സേനയുടെ യുഎസ്എസ് ജെറാള്‍ഡ് എന്ന, ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലിന്റെ പ്രത്യേകതകളാണ് ഇതൊക്കെ 2017 ജൂലൈ 22 ന് കമ്മിഷന്‍ ചെയ്ത കപ്പല്‍ നിലവിലെ കണക്കുകളനുസരിച്ച് ലോകത്തെ ഏറ്റവും വേഗമേറിയ കപ്പലുകളിലൊന്നാണ്. അമേരിക്കയുടെ 38-ാം പ്രസിഡന്റ് ജെറാള്‍ഡ് ഫോര്‍ഡിന്റെ പേരാണ് ഈ കപ്പലിന്. രണ്ടാം ലോക മഹായുദ്ധ സമയത്ത് നേവിയില്‍ സേവനമനുഷ്ഠിച്ചതിന്റെ ബഹുമാനാര്‍ത്ഥമാണ് ജെറാള്‍ഡിന്റെ പേര് ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലിനു നല്‍കാന്‍ തീരുമാനിച്ചതും.
75 വിമാനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഡക്കുള്ള കപ്പലിന്റെ നിര്‍മാതാക്കള്‍ ന്യൂപോര്‍ട്ട് ഷിപ്പ് ബില്‍ഡിങ് കമ്പനിയാണ്. 2009ല്‍ ആരംഭിച്ച നിര്‍മാണം പൂര്‍ത്തിയായത് 2013 ലാണ്. നാവികസേന ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കമ്മിഷന്‍ ചെയ്യാന്‍ നാലു വര്‍ഷം കൂടിയെടുത്തു. ഇതുവരെ ദൂരയാത്രകളൊന്നും നടത്തിയിട്ടില്ലാത്ത യുഎസ്എസ് ജെറാള്‍ഡ് ഇപ്പോള്‍ വിര്‍ജീനിയയിലെ നോര്‍ഫോക്ക് തുറമുഖത്ത് വിശ്രമത്തിലാണ്.
256 അടി വീതിയും 1092 അടി നീളവുമാണ് യു.എസ്.എസ് ജെറാള്‍ഡിന്റെ ഡോക്കിനുള്ളത്. ഒരേ സമയം നാലു വിമാനങ്ങള്‍ക്കു പറന്നുയരാനുള്ള സൗകര്യം ഈ ഡോക്കിലുണ്ട്. കപ്പലിനെതിരായ ആക്രമങ്ങളെ ചെറുക്കാനുള്ള റഡാറുള്‍പ്പടെയുള്ള സംവിധാനങ്ങളും ഡോക്കില്‍ കാണാം. 177 അടി ഉയരമാണ് കപ്പിലിനുള്ളത്. ഡോക്കിന് താഴെ കപ്പലിന്റെ ഉള്ളില്‍ ഏറ്റവും മുകളിലായുള്ളത് ഹാങ്ങര്‍ ബേയാണ്. കപ്പിലിന്റെ പരമാവധി ശേഷിയായ 75 വിമാനങ്ങളും ഉള്‍ക്കൊള്ളാന്‍ ഈ ഹാങ്ങര്‍ ബേയ്ക്ക് കഴിയും.
ഹാങ്ങര്‍ ബേയുടെ മധ്യത്തില്‍ മൂന്നു വെപ്പണ്‍ ഇലവേറ്ററുകളുണ്ട്. യുദ്ധസമയത്ത് വിമാനങ്ങളില്‍ നിറയ്ക്കാനുള്ള ആയുധങ്ങള്‍ എത്തിക്കാനാണ് ഇവ. വിമാനങ്ങളിലേക്ക് റോക്കറ്റുകളും വെടിയുണ്ടകളും മറ്റും നേരിട്ടു നിറയ്ക്കാന്‍ ഈ ഇലവേറ്ററുകളില്‍ സംവിധാനമുണ്ട്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഒരു വിമാനത്തിനാവശ്യമായ സാമഗ്രികള്‍ നിറച്ച് പറന്നുയരാന്‍ ഈ ഇലവേറ്ററുകള്‍ സഹായിക്കും.
കപ്പലില്‍ നിന്ന് നേരിട്ടു വിക്ഷേപിക്കാന്‍ കഴിയുന്ന മിസൈല്‍ സംവിധാനമാണ് സീ സ്പാരോസ്. പേര് സൂചിപ്പിക്കുന്നത് പോലെ ഏത് ദിയയിലേക്കും മിസൈല്‍ ഉതിര്‍ക്കാന്‍ ഇതിന് കഴിയും.
ഡോക്കിലുള്ള വിമാനങ്ങളുടെ പറക്കേണ്ട സമയവും ഗതിയും ദിശയും നിയന്ത്രിക്കുന്നത് ഫ്‌ലൈറ്റ് ഡെക്കില്‍ നിന്നാണ്. ഫ്‌ലൈറ്റ് ഡെക്കിന്റെ ഉള്ളില്‍നിന്നുതന്നെ ഡോക്കിലുള്ള വിമാനങ്ങളുടെ സ്ഥാനം മനസ്സിലാക്കാനാകും. കംപ്യൂട്ടര്‍ സഹായത്തോടെയാണ് ഇതു ചെയ്യുന്നതെങ്കിലും കംപ്യൂട്ടറില്‍ തകരാറുകള്‍ സംഭവിച്ചാല്‍ അടിയന്തരമായി ഉപയോഗിക്കുന്ന ഒരു ബോര്‍ഡ് കൂടി ഫ്‌ലൈറ്റ് ഡക്കിലുണ്ട്. മുകളില്‍ ഡോക്കിലെ വിമാനങ്ങളുടെ സ്ഥാനവും അവയുടെ നീക്കവും ഈ ബോര്‍ഡില്‍ വിമാനങ്ങളുടെ ചെറുമാതൃകകളിലൂടെ കാണാം. മുകളില്‍ വിമാനം ഡോക്കില്‍ നീങ്ങുന്നതനുസരിച്ച് ബോര്‍ഡിലും ഇവ നീങ്ങും. ഡോക്കിലുള്ള സെയ്ലര്‍മാര്‍ക്ക് അവിടുന്നുതന്നെ ഈ ബോര്‍ഡിലെ ചെറുവിമാനങ്ങളെ നിയന്ത്രിക്കാനാകും. ഇങ്ങനെ കൈതൊടാതെ നീങ്ങുന്ന വിമാനങ്ങളുള്ളതിനാല്‍ ബോര്‍ഡിനു നാവികര്‍ നല്‍കിയ പേരാണ് ഓജോ ബോര്‍ഡ്. എല്ലാം ഡിജിറ്റലായി നിയന്ത്രിക്കുന്നതിനാല്‍ സ്റ്റിയറിങ് ആവശ്യമില്ലാത്ത കപ്പലാണ് യുഎസ്എസ് ജെറാള്‍ഡ്.
Post Your Comments