ന്യൂഡല്‍ഹി : സീനിയോറിറ്റി മറികടന്നു എന്ന വിമര്‍ശനം വകവെക്കാതെ സുപ്രീംകോടതിയില്‍ രണ്ട് ജഡ്ജിമാരെ നിയമിച്ച് വിജ്ഞാപനം. കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് ദിനേശ്മഹേശ്വരി, ഡല്‍ഹി ഹൈക്കോടതി ജഡ്ജി സഞ്ജിവ്ഖന്ന എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. മലയാളിയായ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്രമേനോനെയും, രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ്നന്ദര്‍ജോഗിനെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താമെന്ന മുന്‍ തീരുമാനമാണ് തിരുത്തിയത്. വ്യാഴാഴ്ച ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊളീജിയം യോഗത്തിലാണ് ഡിസംബര്‍ 10ന് എടുത്ത തീരുമാനം റദ്ദാക്കിയത്.
ഡിസംബര്‍ 12ന് ചേര്‍ന്ന കൊളീജിയം യോഗം ജസ്റ്റിസ് രാജേന്ദ്രമേനോനെയും ജസ്റ്റിസ് പ്രദീപ്നന്ദര്‍ജോഗിനെയും സുപ്രീംകോടതിയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഭൂരിഭാഗം ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊളീജിയം തീരുമാനമെടുത്താല്‍ അത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടുകയാണ് പതിവ്. കൊളീജിയം തീരുമാനങ്ങള്‍ സുപ്രീംകോടതി വെബ്സൈറ്റിലൂടെ പരസ്യപ്പെടുത്തുന്ന നടപടിക്രമവുമുണ്ട്. കൊളീജിയം അംഗമായിരുന്ന ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ വിരമിക്കുകയും ക്രിസ്മസ്, നവവത്സര അവധികള്‍ക്കായി കോടതി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്വാഭാവിക നടപടിക്രമങ്ങള്‍ പാലിക്കാതിരുന്നതെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
Post Your Comments