Latest NewsKerala

കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക്; ചര്‍ച്ച പരാജയപ്പെട്ടു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്തുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടു. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്ആര്‍ടിസി സംയുക്തയൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായി ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്. അതേസമയം, കെഎസ്ആര്‍ടിസി അനിശ്ചിതകാലപണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്‍കി. കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button