ബഹറൈന്‍: ബഹറൈനില്‍ എണ്ണ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ മന്ത്രിസഭാ തീരുമാനം.എണ്ണ മേഖലയില്‍ മുപ്പത് ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതി ആരംഭിക്കാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ധാരണാ പത്രം ഒപ്പു വെച്ചിരുന്നു.ബഹ്റൈനിലെ എണ്ണ, പ്രകൃതിവാതകം എന്നീ മേഖലയുടെ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം. അന്താരാഷ്ട്ര വിപണയില്‍ മത്സരം ഉറപ്പുവരുത്തുന്ന തരത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപ സംരംഭങ്ങള്‍ ആരംഭിക്കും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുതല്‍മുടക്കായിരിക്കും ഇതിനുണ്ടാവുക.
ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് കമ്പനിയുടെ നവീകരണം, ലിക്വിഫൈഡ് ഗ്യാസ് ടെര്‍മിനല്‍ വിപുലീകരണ പദ്ധതി, വാതക പൈപ്പ് ലൈന്‍ പദ്ധതി, ബാപ്കോ വികസന പദ്ധതി, എയര്‍പോര്‍ട്ട് ഇന്ധന സംഭരണ കേന്ദ്രം എന്നിവക്കും കാബിനറ്റ് അംഗീകാരം നല്കി. എട്ട് ബില്ല്യണ്‍ ഡോളര്‍ മൂലധനം ഇതിനായി ആദ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്തും. പിന്നീട് മൊത്തം 32 ബില്യണ്‍ ഡോളറിന്റെ പദ്ധതികളായി ഇത് വികസിപ്പിക്കും.
ബഹ്റൈനിലെ എണ്ണ മേഖലയില്‍ 30 ദശലക്ഷം ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി പ്രമുഖ ഇറ്റാലിയന്‍ ബഹുരാഷ്ട്ര കമ്പനിയായ ‘എനി’യുമായി ബഹ്റൈന്‍ നാഷനല്‍ ഗ്യാസ് ആന്റ് ഓയില്‍ അതോറിറ്റിയും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചത് രാജ്യത്തിന്റെ വളര്‍ച്ചക്ക് ഗുണകരമാകുമെന്ന് കാബിനറ്റ് യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്ത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം കണ്ടെത്തിയത്. കൂടുതല്‍ വളര്‍ച്ച കൈവരിക്കാനായി ഈ രംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല് ഖലീഫ വ്യക്തമാക്കി.
Post Your Comments