Latest NewsInternational

സൂര്യന്‍ ഉരുകും ഭൂമി നശിയ്ക്കും : സ്ഥിരീകരണവുമായി ഗവേഷകര്‍

സൂര്യന്‍ ഉരുകി ‘രാക്ഷസ നക്ഷത്ര’മാകും, പിന്നെ ക്രിസ്റ്റലാകും, ഭൂമി നശിക്കും.. സ്ഥിരീകരിച്ച് ഗവേഷകര്‍
സൂര്യന്‍ ഇല്ലാതായാല്‍ ഭൂമിയില്‍ ജീവനും ഇല്ലാതാകും. അത്തരമൊരു അവസ്ഥയ്ക്കും ഭൂമി സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണു ഗവേഷകര്‍ പറയുന്നത്. ഒരു ദിവസം സൂര്യനില്‍ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റല്‍ രൂപത്തിലേക്കു മാറുകയും ചെയ്യും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റല്‍. പിന്നെ സൗരയൂഥത്തില്‍ എന്തു സംഭവിക്കുമെന്നു പറയാന്‍ പോലും പറ്റില്ല. എന്നാല്‍ ഇങ്ങനെ സൂര്യന്‍ ക്രിസ്റ്റലായി മാറണമെങ്കില്‍ ഏകദേശം 1000 കോടി വര്‍ഷമെങ്കിലുമെടുക്കും. അതിനും മുന്‍പേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും.

ഇനിയും 500 കോടി വര്‍ഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവില്‍ നമ്മുടെ സൂര്യന്‍ ‘മഞ്ഞക്കുള്ളന്‍ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നില്‍ക്കാന്‍ കെല്‍പുള്ളത്. ന്യുക്ലിയര്‍ ഫ്യൂഷന്‍ എന്ന പ്രക്രിയ വഴിയാണ് സൂര്യനില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ 500 കോടി വര്‍ഷം കഴിയുന്നതോടെ സൂര്യന്‍ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തില്‍ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യന്‍. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസന്‍ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളന്‍ നക്ഷത്ര’മായിത്തീരും. ചൂട് ഉല്‍പാദിപ്പിക്കപ്പെടാതാകുന്നതോടെ’കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക.

സൂര്യന്‍ ക്രിസ്റ്റല്‍ രൂപത്തിലാകുമെന്ന നിഗമനത്തില്‍ 50 വര്‍ഷം മുന്‍പേ തന്നെ ഗവേഷകര്‍ എത്തിയിരുന്നു. എന്നാല്‍ അതിനു ചേര്‍ന്ന തെളിവുകള്‍ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവര്‍ ഒരു കാര്യം ചെയ്തു. ഗയ സ്‌പെയ്‌സ് ടെലസ്‌കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയില്‍ നിന്ന് ഏകദേശം 300 പ്രകാശ വര്‍ഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതില്‍ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റല്‍ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളന്‍ നക്ഷത്രങ്ങളും ഒരിക്കല്‍ ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പന്‍ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തില്‍ ക്രിസ്റ്റല്‍ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്‌സിയിലുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.

കാര്‍ബണും ഓക്‌സിജനും ചേര്‍ന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങള്‍ക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങള്‍ തണുക്കുമ്പോള്‍ വജ്രക്കല്ലുകള്‍ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങള്‍’ നമ്മുടെ കണ്ണില്‍പ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓര്‍മപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാള്‍ നമ്മുടെ സൂര്യനും അതുപോലെ…! പക്ഷേ 500 കോടി വര്‍ഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാന്‍ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യര്‍ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button