കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി
ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെ.എം ഹുസൈനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ചവറ ശങ്കരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റയര്‍ എര്‍ത്ത് ലിമിറ്റഡ് എന്ന സ്ഥാപനം 2004 മുതല്‍ നടത്തുന്ന മണല്‍ ഖനനത്തിനെതിരെയാണ് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം പോരാടുന്നത്. അറബിക്കടലിനും കായംകുളം കായലിനും ഇടയ്ക്കായി വീതി വളരെകുറഞ്ഞ ഒരു പ്രദേശമാണ് ഇത്. ഐആര്‍ഇ യുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ കഴിഞ്ഞ കുറേ ദിവസത്തോളമായി സമരത്തിലാണ്. കേരള മിനറല്‍സ് ആന്റ് മെറ്റല്‍ ലിമിറ്റഡ് ഉം കരിമണലാല്‍ സമ്പുഷ്ടമായ് ഈ പ്രദേശത്തെ ഖനനത്തില്‍ പങ്കാളികളാണ്.
89.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിന്റെ വിസ്തൃതി ഭയാനകമാം വിധം കുറഞ്ഞതായി ഹരജിയില്‍ പറയുന്നു. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന് റിപ്പോര്ട്ടിന്മേല് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹരജിയില്‍ പറയുന്നു. ഖനനം നിര്‍ത്തി വെക്കാന്‍ ഐ.ആര്.ഇയോട് നിര്‍ദേശിക്കുന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
Post Your Comments