ആലപ്പുഴ : 15 വർഷമായി ചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ. ആലപ്പുഴ വാടയ‌്‌ക്കല്‍ ചക്കുംപറമ്പിൽ സി ജെ യേശുദാസ‌് (42) 15 വര്‍ഷമായി വീട്ടുകാർ പോലുമറിയാതെയാണ് തട്ടിപ്പ് തുടർന്നത്. കോഴിക്കോട‌് ഫിസിയോ തെറാപ്പി പഠിക്കാന്‍ ഇയാൾ പോയെങ്കിലും അതു പൂര്‍ത്തിയാക്കിയിരുന്നില്ല. ഇയാൾ വീട്ടിൽ നിന്ന് മാറി നിന്ന സമയത്തു തിരുവനന്തപുരത്ത‌് എംബിബിഎസിനു ചേര്‍ന്നുവെന്ന‌് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക‌് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കാനുള്‍പ്പെടെ മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ‌് പരിശോധിക്കുകയാണ‌്.
ആലപ്പുഴയിലെ വീട്ടിലും ചേര്‍ത്തലയുള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലും ത്വക‌്‌രോഗത്തിനാണ‌് യേശുദാസ‌് കൂടുതല്‍ പേരെ ചികിത്സിച്ചത‌്. പൊലീസ‌് തിങ്കളാഴ‌്ച കസ‌്റ്റഡിയിലെടുക്കുമ്പോൾ എഴുപതോളം പേര്‍ ഇയാളെ കാണാനായി കാത്തുനിന്നിരുന്നു. വര്‍ഷങ്ങളായി ചേര്‍ത്തല എക‌്‌സ‌്റേ, കിന്റര്‍, അര്‍ത്തുങ്കല്‍ സെന്റ് സെബാസ്റ്റ്യന്‍സ‌്, പള്ളിപ്പുറം സെന്റ് തോമസ്, എറണാകുളം പിഎസ‌്‌എം തുടങ്ങിയ ആശുപത്രികളില്‍ ത്വക‌്‌രോഗ വിദഗ‌്ധനായി ചികിത്സ നടത്തുകയായിരുന്നു ഇയാളെന്ന‌് പൊലീസ‌് പറഞ്ഞു.ചങ്ങനാശേരി സെന്റ് ട്രീസാ, തിരുവല്ല പുഷ്പഗിരി തുടങ്ങിയ ആശുപത്രികളില്‍ പരിശീലനവും ജനറല്‍ പ്രാക്ടീസും നടത്തിയിരുന്നു. തട്ടിപ്പിനുപയോഗിച്ചത‌് മറ്റൊരു ഡോക്ടറുടെ രജിസ‌്‌ട്രേഷന്‍ നമ്പര്‍
യേശുദാസ‌് എന്ന പേരുപേക്ഷിച്ച‌് നിയമപ്രകാരം മറ്റൊരു പേര‌് സ്വീകരിച്ച മറ്റൊരു ഡോക്ടറുടെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ‌്ട്രേഷന്‍ നമ്പര്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്താണ‌് ഇയാൾ തട്ടിപ്പ് നടത്തിയത്. ആയിരക്കണക്കിനാളുകളെ ഇതിനിടയില്‍ ചികിത്സിച്ചു. യഥാര്‍ഥ ഡോക്ടര്‍ തുടര്‍പഠനത്തിനും മറ്റുമായി പ്രാക്ടീസ‌് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. പിന്നീട‌് പ്രാക്ടീസ‌് തുടങ്ങിയത‌് ഗസറ്റില്‍ പരസ്യംചെയ‌്ത‌് മാറ്റിയ പുതിയ പേരിലാണ‌്. അപ്പോഴേക്കും രജിസ‌്ട്രേഷന്‍ നമ്പര്‍ വ്യാജന്‍ സ്വന്തമാക്കി. തിരികെ പ്രാക്ടീസ‌് തുടങ്ങിയ യഥാര്‍ഥ ഡോക്ടര്‍ വിവരമറിഞ്ഞതുമില്ല.
വ്യാജ ഡോക്ടറെക്കുറിച്ച‌് രഹസ്യവിവരം ലഭിച്ച പൊലീസ‌് നടത്തിയ അന്വേഷണത്തില്‍ യേശുദാസ‌് എന്ന പേരുപേക്ഷിച്ച ഡോക്ടര്‍ തിരുവനന്തപുരത്ത‌് ജോലിചെയ്യുന്നുണ്ടെന്ന‌് വ്യക്തമായി. ഈ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ‌് വ്യാജനെ കുടുക്കിയത‌്. ഭാര്യക്കുപോലും ഇയാള്‍ വ്യാജനാണെന്ന വിവരം അറിയുമായിരുന്നില്ല. വ്യാജ എംബിബിഎസ‌് സര്‍ട്ടിഫിക്കറ്റും ഐഎംഎ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ‌് പല ആശുപത്രികളിലും കടന്നുകൂടിയത‌്. ഇതില്‍ എംബിബിഎസ‌് മാര്‍ക്ക‌് ലിസ‌്റ്റ‌് മോഷ്ടിച്ചതാണെന്നും സൂചനയുണ്ട‌്. സമൂഹത്തിലെ ഉന്നതരുള്‍പ്പെടെ നിരവധിപേര്‍ ഇയാളുടെ ചികിത്സ നേടിയിട്ടുണ്ടെന്ന‌് പൊലീസ‌് അന്വേഷണത്തില്‍ വ്യക്തമായി.
പൊലീസുകാരുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട‌്. സൗമ്യവും ആകര്‍ഷകവുമായ പെരുമാറ്റത്തിലൂടെയാണ‌് യേശുദാസ‌് ആളുകളെ കൈയിലെടുത്തിരുന്നത‌്. 15 വര്‍ഷംകൊണ്ട‌് ഭീമമായ തുക സമ്പാദിച്ചിട്ടുണ്ടെന്ന‌് വ്യക്തമായിട്ടുണ്ട‌്. ഇതുസംബന്ധിച്ചും അന്വേഷണം നടത്തും.നേരിട്ടും രോഗികളെ ഒപ്പംകൂട്ടിയും ഡോക്ടറെ കണ്ട പൊലീസ‌് ചികിത്സാരീതികള്‍ മനസിലാക്കി. ഇവ യഥാര്‍ഥ ഡോക്ടര്‍മാരുമായി ചര്‍ച്ചചെയ‌്തു. തിരുവനന്തപുരത്തെ ഡോക്ടറില്‍നിന്ന‌് ഇ മെയിലില്‍ പരാതി വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ കേസ‌് രജിസ‌്റ്റര്‍ചെയ‌്തു.
Post Your Comments