അഹമ്മദ് നഗര്‍: ഇര തേടി പശു സംരക്ഷണ കേന്ദ്രത്തിലെത്തിയ രണ്ട് പുലികളിലൊന്നിനെ പശുക്കൾ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുര്‍ എന്ന സ്ഥലത്താണ് സംഭവം.
സൗരഭന്‍ റാവുസാഹേബ് ഉംബറാര്‍ എന്ന ഗോസംരക്ഷണ കേന്ദ്രത്തിലേക്കാണ് പുലി ഇരതേടിയെത്തിയത്. ഉംബറാര്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ് ഈ ഗോശാല സ്ഥിതി ചെയ്യുന്നത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെ ഗോശാലയുടെ പിറകു വശം വഴി പുലി അകത്തേക്ക് പ്രവേശിക്കുകയായിരുന്നുവെന്നാണ് നിഗമനം. പുലിയെ കണ്ട് വിരണ്ട പശുക്കള്‍ അലറി കരഞ്ഞു കൊണ്ട് ഗോശാലയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. ഇതിനിടെ ഗോശാലയിലുണ്ടായിരുന്ന പശുക്കുട്ടിയുടെ മേല്‍ പുലി ചാടി വീണു. ഇതോടെ പ്രകോപിതരായ പശുക്കള്‍ പുലിയുടെ നേരെ തിരിയുകയായിരുന്നു.
പശുക്കളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ ഉംബറാര്‍ കുടുംബത്തിലെ അംഗങ്ങള്‍ കണ്ടത് ഗോശാലയിലെ 35-ഓളം പശുക്കള്‍ ചേര്‍ന്ന് അകത്ത് കയറിയ പുലിയെ ചവിട്ടി മെതിക്കുന്നതാണ്. ഈ പുലിയോടൊപ്പം വന്ന മറ്റൊരു പുലി ഗോശാലയ്ക്ക് പുറത്ത് ഇതെല്ലാം കണ്ട് വിരണ്ടു നില്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ എത്തുന്പോഴേക്കും പുലിയുടെ കഥ കഴിഞ്ഞിരുന്നു.
ഒന്നര വയസ്സുള്ള ആണ്‍പുലിയാണ് പശുക്കളുടെ കുത്തും ചവിട്ടും കൊണ്ട് മരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗോശാലയിലെ കാഴ്ച്ച കണ്ട് വിരണ്ടോടിയ രണ്ടാമത്തെ പുലിയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
Post Your Comments