![bribe](/wp-content/uploads/2019/01/bribe.jpg)
തിരുവനന്തപുരം: മാലിദ്വീപുകാരായ മയക്കുമരുന്നു കടത്തുകാരെ ജാമ്യത്തില്‍ വിടാന്‍ ഡി.വൈ.എസ്.പി 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഇന്‍ലിജന്‍സിനു വിവരം ലഭിച്ചു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.
രാജ്യാന്തര മയക്കുമരുന്നു സംഘത്തിലെ പ്രധാനികളായ മാലെ തിനാത്ത് സ്വദേശി ഷാനിസ് മാഹിര്‍ (27), അയ്മന്‍ അഹമ്മദ്( 24), ഇബ്രാഹിം ഫൗസണ്‍(29) എന്നിവരെയാണ് 17 കിലോ ഹാഷിഷുമായി നാര്‍ക്കോട്ടിക് സെല്‍ പിടികൂടിയത്. എന്നാല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ ജാമ്യത്തിനു പോലീസ് അവസരമൊരുക്കിയെന്നാണ് ആരോപണം.
രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഹാഷിഷ് പിടികൂടിയ കേസില്‍ സുപ്രീകോടതി വിധിപോലും ലംഘിച്ച് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തി. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് നിസാരമായി ജാമ്യം ലഭിച്ചു. ഇപ്പോള്‍ ആരോപണ വിധേയനായിട്ടുള്ള ഡി.വൈ.എസ്.പി കേസിന്റെ തുടക്കം മുതല്‍ ഇടപെട്ടതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 24 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസില്‍നിന്നാണു പ്രതികള്‍ നിസാരമായി രക്ഷപെട്ടത്. 150 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട കേസില്‍ അവസാനദിവസമായിരുന്നു പോലീസ് കോടതിയിലെത്തിയത്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ തിരയുന്ന രാജ്യാന്തര മയക്കുമരുന്ന് സംഘാംഗമാണ് ഷാനിസ് മാഹിര്‍. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ രാജ്യം വിട്ടതായാണ് സൂചന.
Post Your Comments