തിരുവനന്തപുരം: രണ്ട് വൃക്കകളും തകരാറിലായ കടുവാപ്പള്ളി തോട്ടക്കാട് തട്ടാന്‍വിളാകത്തില്‍ വീണയുടെ (20) ചികിത്സ ചെലവ് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതി വഴി വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വീണയ്ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതാണ്. വൃക്കമാറ്റി വയ്ക്കാന്‍ ഒരാള്‍ സന്നദ്ധനായി വന്നെന്നറിഞ്ഞു. അങ്ങനെയെങ്കില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വീണയെ ഫോണില്‍ വിളിച്ച് മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.
വീണയുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കണ്ടാണ് മന്ത്രി അടിയന്തരമായി നേരിട്ടിടപെട്ടത്. അച്ഛന്‍ പണ്ടേ ഉപേക്ഷിച്ചു പോയി. അമ്മ വൃക്ക രോഗിയായി മരണത്തിന് കീഴടങ്ങി. ജോലി തേടി അന്യനാട്ടില്‍ പോയ സഹോദരനെ കാണാതായിട്ട് ഒരു വര്‍ഷം. വീണയുടെ രണ്ട് വൃക്കകളും തകരാറിലായതോടെ ബി.കോം പഠനവും മുടങ്ങി. പഴയ പത്രക്കടലാസും സാധനങ്ങള്‍ പൊതിയുന്ന വര്‍ണക്കടലാസും പെറുക്കിക്കൂട്ടി കടലാസുപൂക്കളും അലങ്കാരവസ്തുക്കളും ഉണ്ടാക്കി വിറ്റാണ് വീണ അത്യാവശ്യ ചെലവുകള്‍ നടത്തുന്നത്. 10 സെന്റ് വസ്തുവില്‍ പഞ്ചായത്ത് കനിഞ്ഞ വീട്ടില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് വീണ കഴിയുന്നത്. ഇരു വൃക്കകളും തകരാറിലായതിനാല്‍ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഡയാലിസിസിലൂടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഈയൊരവസ്ഥയിലാണ് മന്ത്രിയുടെ സഹായമെത്തുന്നത്.
Post Your Comments