![](/wp-content/uploads/2019/01/1721f87f-a8a4-463f-a44f-624227f79bb2.jpg)
വായനയുടെയും പുസ്തകത്തിന്റെയും കാലം അസ്തമിച്ചിട്ടില്ലെന്നും സാഹിത്യ കൃതികള്‍ക്ക് ഇന്നും വലിയ മൂല്യമാണ് സമൂഹം കല്പിക്കുന്നതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും നിരീക്ഷകനും ലീഡ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റുമായ ജമീല്‍ യൂഷ (നൈജീരിയ) അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദിയുടെ പത്താമത് എഡിഷന്‍ സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുര്‍ക്കി യാത്രയില്‍ പുസ്തകം വാങ്ങുവാനായി ബുക്ക് ഫെയറില്‍ കാത്തിരിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെ തന്നെ തനിക്ക് കാണാനിടയായി. വായനായുഗം കഴിഞ്ഞുവെന്ന് പറയുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. മുമ്പത്തേക്കാള്‍ ഏറെ വായനക്കാര്‍ പുതിയ തലമുറയില്‍ വളര്‍ന്നുവരുന്നുണ്ട്. അറിവിന്റെ വാതായനങ്ങളിലേക്ക് ചെന്നുകയറുവാന്‍ ചലനാത്മകമായ ചിന്തകള്‍ ഉടലെടുക്കുവാന്‍ വായന കൂടാതെ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാഹിത്യത്തെ ഏറ്റവും മികച്ച ആയുധമായാണ് മഹാന്മാര്‍ കണ്ടിട്ടുള്ളത്. ദൈവം തന്ന സര്‍ഗാത്മകത പരിപോഷിപ്പിക്കുവാനും രചനാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുവാനും അറിവ്, അനുഭവം, നിരീക്ഷണം എന്നിവ അത്യാവശ്യമാണെന്നും ഇത് നേടിയെടുക്കുന്നതിന് ത്യാഗങ്ങള്‍ ആവശ്യമാണെന്നും ചടങ്ങില്‍ സംസാരിച്ച ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ അഭിപ്രായപ്പെട്ടു.
വിശുദ്ധ ഖുര്‍ആന്‍ തന്നെ മനോഹരമായ കാവ്യാത്മകമാണെന്നും പ്രവാസി വിദ്യാര്‍ത്ഥികളുടെ സിദ്ധിയും കലാത്മകതയും പരിപോഷിപ്പിക്കുന്നതിന് ഇത്തരം വേദികള്‍ അനിവാര്യമാണെന്നും ചടങ്ങിനെത്തിയ പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.
Post Your Comments