ശബരിമല : മകരജ്യോതി നാളെ നടക്കാനിരിക്കെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്.അവസാനവട്ട ക്രമീകരണങ്ങളാണ് എവിടെയും. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് ആരംഭിച്ചു. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങള്‍. നാളെ വൈകിട്ട് 6.40നും 6.45നുമിടയ്ക്ക് മകര ജ്യോതി തെളിയും.
നാളെ വൈകിട്ട് ആറേകാലോടെ തിരുവാഭരണങ്ങള്‍ സന്നിധാനത്ത് എത്തിക്കും. ദീപാരാധനയ്ക്ക് ശേഷം 7.52 ന് മകരസംക്രമ പൂജ നടക്കും. സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള പ്രസാദ ശുദ്ധിക്രിയകള്‍ ഇന്നലെ ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇന്ന് ഉച്ച പൂജയ്ക്ക് മുന്നോടിയായി ബിംബശുദ്ധിക്രിയകളും നടക്കും.
അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തില്‍ ആചാരപ്പൊലിമയില്‍ ഇന്ന് ഉച്ചയ്ക്ക് പമ്ബ സദ്യയും വൈകിട്ട് പമ്ബ വിളക്കും നടക്കും. ദേവസ്വം ബോര്‍ഡ് ഒരുക്കിയ ഇടങ്ങളിലും കാനന മേഖലകളില്‍ പര്‍ണശാലകള്‍ ഒരുക്കിയും അയ്യപ്പ മന്ത്രങ്ങളുരുവിട്ട് അവര്‍ പുണ്യ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ദര്‍ശനത്തിന് എത്തുന്നവരില്‍ ഏറിയപങ്കും അയല്‍ സംസ്ഥാനക്കാരാണ്.
Post Your Comments