കൊച്ചി: റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഹസനമെന്ന് യാത്രക്കാര്‍. വ്യാഴാഴ്ച ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസില്‍ തല കറങ്ങി വീണ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായം തേടിയ സഹയാത്രക്കാര്‍ക്ക് ഉണ്ടായത് ദുരനുഭവമാണ്. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതി വാതിലിനു സമീപം നില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും അടുത്ത് നിന്ന യാത്രക്കാരുടെ ഇടയിലേക്ക് വീഴുകയുമായിരുന്നു. ഉടനെ റെയില്‍വേ ഹെല്‍പ് ലൈന്‍ 182ല്‍ വിളിച്ചപ്പോള്‍ അതു സുരക്ഷാ സേനയുടെ നമ്പറാണ്, 138ല്‍ വിളിക്കൂ എന്നായിരുന്നു മറുപടി. 138ല്‍ വിളിച്ചു.
എന്നാല്‍ ചോദ്യങ്ങളുടെ നീണ്ട പട്ടികയായിരുന്നു അവിടെ നിന്നും. പെണ്‍കുട്ടിക്ക് എത്ര വയസ്സുണ്ട്, വിലാസം എന്താണ്, അസുഖം എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കു മുന്‍പില്‍, സഹായത്തിനായി വിളിച്ചവര്‍ കുഴങ്ങി. പെണ്‍കുട്ടി ഒറ്റയ്ക്കാണു യാത്ര ചെയ്യുന്നതെന്ന് ആവര്‍ത്തിച്ചെങ്കിലും റെയില്‍വേ ഉദ്യോഗസ്ഥ ചോദ്യങ്ങള്‍ തുടര്‍ന്നു. ടിടിഇയോടു പറഞ്ഞ് തിരുവനന്തപുരത്തേക്കു വിളിപ്പിക്കാനായിരുന്നു ആദ്യ നിര്‍ദേശം. ജനറല്‍ കോച്ചില്‍ ടിടിഇ ഇല്ലെന്നു പറഞ്ഞതോടെ ഫോണെടുത്തവര്‍ക്ക് ഉത്തരമില്ലാതായി. ഒടുവില്‍ തുറവൂരില്‍ എത്തിയപ്പോള്‍ സഹികെട്ട യാത്രക്കാര്‍ ലോക്കോ പൈലറ്റിനെ കാണുകയായിരുന്നു. യുവതിയെ മറ്റൊരു യാത്രക്കാരിക്കൊപ്പം ചേര്‍ത്തലയില്‍ ഇറക്കി. റെില്‍വേയുടെ ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രഹസന ‘നമ്പറുകളാ’ണെന്ന് യാത്രക്കാരനായ ശാന്ത്ലാല്‍ പറഞ്ഞു.
Post Your Comments