Latest NewsKerala

മൃതസഞ്ജീവനിക്ക് പുതുജീവൻ; കേരളത്തിലെ അവയവദാന മേൽനോട്ട ചുമതല തിരുവനന്തപുരം മെഡിക്കൽ കോളേജിന്

തിരുവനന്തപുരം•തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ സംസ്ഥാന ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (സോട്ടോ) സ്ഥാപിക്കാൻ അനുമതിയായി. ദേശീയ ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനാണ് അംഗീകാരം നൽകിയത്. ഇതോടെ കേരളത്തിലെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിക്ക് പുതുജീവൻ ലഭിക്കും. സോട്ടോ സ്ഥാപിക്കുന്നതിന് 59.60 ലക്ഷം രൂപയുടെ ഗ്രാന്റും കേന്ദ്രം അനുവദിച്ചു.

ആദ്യമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ സോട്ടോ സ്ഥാപിക്കുന്നത്. എയിംസ് പോലെയുള്ള സ്ഥാപനങ്ങൾക്കാണ് സാധാരണ ഇതിനുള്ള അനുമതി ലഭിക്കാറുള്ളത്. അവയവദാനത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനൊപ്പം അവയവ ദാന ആക്ട് അനുസരിച്ചാണ് സംസ്ഥാനത്ത് കാര്യങ്ങൾ നടക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉറപ്പുവരുത്തുകയും വേണം. ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രാന്റ് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിനിയോഗിക്കും.
മൃതസഞ്ജീവനിയുടെ ഏകോപനത്തിനായി സംസ്ഥാനത്ത് കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിംഗ് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായി നേരത്തെ മുതൽ പ്രവർത്തിക്കുന്നുണ്ട്. സോട്ടോ സ്ഥാപിതമാകുന്നതോടെ അവയവ ദാന പ്രക്രിയ കൂടുതൽ സുതാര്യവും വേഗവും കൈവരിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കേരളത്തിൽ അവയവദാനം കൂടുതൽ നടക്കുന്ന മേഖലയായി പരിഗണിച്ച് എറണാകുളത്ത് പ്രത്യേക സോൺ സ്ഥാപിക്കാൻ നടപടിയായിട്ടുണ്ട്. ഇവിടെ ഒരു നെഫ്രോളജി ഡോക്ടർ, രണ്ട് കോ ഓർഡിനേറ്റർമാർ, കൗൺസലർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉറപ്പു വരുത്തും. അവയവദാനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി മസ്തിഷ്‌ക മരണ നിർണയത്തിന് ഡെപ്യുട്ടി ഡി. എം. ഒ നോഡൽ ഓഫീസറായി സർക്കാർ വിദഗ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button