കൊട്ടാരക്കര: സ്ത്രീകള്‍ ദര്‍ശനം നടത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം തകരുമെന്നത് തട്ടിപ്പാണെന്നും മന്ത്രി എം എം മണി. ലൗകീക ജീവിതം നയിക്കുന്ന വ്യക്തിയാണ് തന്ത്രി. ഭാര്യയും മക്കളുമുണ്ട്. എന്നിട്ടും അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും, ശബരിമലയില്‍ അയ്യപ്പന്‍ മാത്രമല്ല മാളികപ്പുറവും ഉണ്ടെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കരയില്‍ അബ്ദുല്‍ മജീദ് രക്തസാക്ഷിത്വ വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മണി. ശബരിമലയില്‍ നൂറുകണക്കിന് സ്ത്രീകള്‍ ദര്‍ശനം നടത്തിയതായും ഇനിയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനം നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് ഇനിയും പൊലീസ് സുരക്ഷ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അന്‍പതിനായിരം സ്ത്രീകളെ വേണമെങ്കില്‍ കെട്ടുകെട്ടിച്ച് ശബരിമലയില്‍ കൊണ്ടുപോകാന്‍ സിപിഎമ്മിന് കഴിയും. തടയാന്‍ ഒരുത്തനും വരില്ല. എന്നാലത് സിപിഎമ്മിന്റെ പണിയല്ല. പോകണം എന്നുള്ളവര്‍ ശബരിമലയില്‍ പോകട്ടേ.
ശബരിമലയില്‍ തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. ദേവസ്വം ബോര്‍ഡാണ് നിയമിച്ചത്. സ്ത്രീകളുടെ പ്രായം അളക്കുവാനുള്ള യന്ത്രം ഉണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്. താനും, പി. അയിഷപോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളതെന്നും മന്ത്രി പറഞ്ഞു. ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പിലാക്കുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി പാലിക്കാനുള്ള ബാധ്യത തന്ത്രിക്കുമുണ്ടെന്നും മണി കൂട്ടിച്ചേര്‍ത്തു.
Post Your Comments