മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പ്രണയഗാനങ്ങളും കുടുംബ ചിത്രങ്ങളും സമ്മാനിച്ച ഈസ്റ്റ് കോസ്റ്റ് വിജയൻ അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’. ചിത്രത്തിന്റെ ചിത്രീകരണത്തിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമായി. വലിയകൊട്ടാരം ലെവി ഹാളില്‍ നടന്ന പൂജ ചടങ്ങോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ ഈസ്റ്റ് കോസ്റ്റ് വിജയനൊപ്പം, കോണ്‍ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്, ചിത്രത്തിലെ അഭിനേതാക്കളായ സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, അഖില്‍ പ്രഭാകര്‍, ദിനേശ് പണിക്കര്‍, ശിവാനി, സോനു, ക്യാമറമാന്‍ അനില്‍ നായര്‍ തുടങ്ങിയവരും മറ്റു അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. നോവല്‍, മുഹബ്ബത്ത് എന്നീ ചിത്രങ്ങള്‍ നിര്‍മ്മാണത്തോടൊപ്പം സംവിധാനം ചെയ്യുകയും മൈ ബോസ്, ജിലേബി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ചിത്രം ന്യൂജനറേഷന്റെ രസകരമായ നാട്ടുവിശേഷങ്ങളാണ് പറയുന്നത്.
പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനി മൃതികള്‍ക്കപ്പുറമുള്ള ആത്മബന്ധങ്ങളേയും കുറിച്ചു പാടിയ ‘ഓര്‍മ്മക്കായ്’ എന്ന ചരിത്ര വിജയമായി മാറിയ ഓഡിയോ ആല്‍ബത്തില്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച എം. ജയചന്ദ്രന്‍ ആണ് ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റുമായി 2000 മുതല്‍ 2008 വരെ സജീവമായി സഹകരിച്ചിരുന്ന എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുന്നത്. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്.
ദേശീയ അവാര്‍ഡ് ജേതാവും ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കൈയിലെടുത്ത സുരാജ് വെഞ്ഞാറമൂടും ഹരീഷ് കണാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ യുവതാരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. ഇവര്‍ക്ക് പുറമേ നെടുമുടി വേണു, ദിനേശ് പണിക്കര്‍, നോബി തുടങ്ങി മികച്ച താരനിരയും ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളില്‍ അണിനിരക്കുന്നു.
രഞ്ജന്‍ എബ്രഹാം എഡിറ്റിംഗം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനില്‍ നായരാണ്. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ് : സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍ & റിയല്‍ എന്റര്‍ടെയിന്‍മെന്റ്സ്.
Post Your Comments