പത്തനംതിട്ട: നടയടക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാദ തീരുമാനങ്ങളുമായി സർക്കാരും പോലീസും. ശബരിമല ആചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നായ തിരുവാഭരണ ഘോഷയാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ വെച്ചതോടെ ഭക്തരുടെ വികാരം കൂടുതൽ വ്രണപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ യുവതി പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിലോ സമരത്തിലോ പങ്കെടുത്ത ആരും തന്നെ ഘോഷയാത്ര സംഘത്തില്‍ ഉണ്ടായിരിക്കാൻ പാടില്ലെന്നായിരുന്നു പോലീസ് മേധാവിയുടെ ഉത്തരവ്.
എന്നാൽ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് പൊലീസ് ഉത്തരവെന്ന് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. പേടക സംഘത്തിലെ അംഗങ്ങളായ 22 അയ്യപ്പ ഭക്തര്‍ കര്‍ശനമായ വ്രതം എടുക്കുന്നവരാണ്. പരമ്പരാഗതമായി ചില കുടുംബങ്ങളാണ് ഇത് നിറവേറ്റുന്നത്. അവരില്‍ ചിലര്‍ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി കേസില്‍ പെട്ടുപോയി എന്നുള്ളതു കൊണ്ട് അവരെ അകറ്റി നിര്‍ത്താന്‍ നിലവിലെ സ്ഥിതി അനുസരിച്ച് കഴിയില്ലെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്താന്‍ തന്നെയാണ് കൊട്ടാരത്തിന്റെ തീരുമാനം.
വൈകിയ വേളയിലെ തീരുമാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. രാഘവര്‍മ്മ രാജയാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കുന്ന പന്തളം കൊട്ടാര പ്രതിനിധി. ആചാര സംരക്ഷണ പ്രതിഷേധങ്ങളില്‍ ഇദ്ദേഹവും പങ്കെടുത്തിട്ടുണ്ട്. പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ മൂന്ന് പേടകങ്ങളിലായി ചുമന്ന് ശബരിമലയില്‍ എത്തിച്ച് ഭഗവാന് ധരിക്കാന്‍ നല്‍കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്.അത്തരം ഒരു ആചാരത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്നും വ്രതമെടുത്ത് അതിന്റെ ഭാഗമാകണമെന്നും തീരുമാനിക്കുന്നത് പന്തളം വലിയ കോയിക്കല്‍ കൊട്ടാരമാണ്.
കൊട്ടാരത്തിന്റെ അധികാര പരിധിയില്‍ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ക്ക് സുരക്ഷ നല്‍കുക എന്നത് മാത്രമാണ് പൊലീസിന്റെ ജോലി.അങ്ങനെ പതിറ്റാണ്ടുകളായി നടന്നുവരുന്ന ഒരു ആചാരം അലങ്കോലപ്പെടുത്തുക എന്നത് ബോധപൂര്‍വ്വമായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് കൊട്ടാരത്തിന്റെ ആരോപണം.
Post Your Comments