Latest NewsKerala

കൊച്ചിക്ക് നാണക്കേട്; ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാനാവാതെ ഒന്‍പതു ദിവസം

ഫോര്‍ട്ട്‌കൊച്ചി : ന്യൂ ഇയര്‍ ആഘോഷത്തിനിടെ കൊച്ചിയില്‍ വെച്ച് മരിച്ച ലണ്ടന്‍ സ്വദേശിയുടെ മൃതദേഹം ഒമ്പതുദിവസം പിന്നിട്ടിട്ടും സംസ്‌കരിക്കാന്‍ സാധിച്ചില്ല. കൊച്ചി കാണാനെത്തിയ കെന്നത്ത് വില്യം റുബേയാണ് (89) ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ 31ന് മരിച്ചത്.

കൊച്ചിയില്‍ തന്നെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാന്‍ റുബേയുടെ മകള്‍ ഹിലാരിയ നിശ്ചയിച്ചു. ഇതിന് മുന്നോടിയായി മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തു. ബന്ധുക്കള്‍ ലണ്ടനില്‍ നിന്നുമെത്തി. മട്ടാഞ്ചേരി ചുള്ളിക്കലുള്ള പള്ളിയില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം, ഫോര്‍ട്ടുകൊച്ചിയില്‍ നഗരസഭയുടെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാനായിരുന്നു തീരുമാനം. ഇതിനായുള്ള പോലീസ് സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു. ഇന്ത്യയിലെ ബ്രിട്ടന്‍ എംബസി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തുകയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു. കൊച്ചി നഗരസഭയുടെ അനുമതിക്കായി അപേക്ഷയും നല്‍കി.

മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്‌കാരത്തിനായി ശ്മശാനത്തിലെത്തിയപ്പോള്‍ മുകളില്‍ നിന്നുള്ള അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്ന് കാവല്‍ക്കാരന്‍ പറഞ്ഞു. പണിമുടക്കായിരുന്നതിനാല്‍ നഗരസഭാ അധികൃതരെ ബന്ധപ്പെടാനും സാധിച്ചില്ല. നഗരസഭ രേഖാമൂലം അനുമതി നല്‍കാതെ മൃതദേഹം സംസ്‌കരിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. അധികൃതര്‍ തീരുമാനം എടുക്കുന്നത് വരെ റുബേയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. എന്നാല്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടും മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്തതാണ് തന്നെ അദ്ഭുതപ്പെടുത്തുന്നതെന്ന് മകള്‍ ഹിലാരിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button