സിനിമ സംവിധാനം ചെയ്യുക എന്നത് മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. എഴുനൂറോളം സിനിമകളില്‍ നായക വേഷം കെട്ടി ഗിന്നസ് ബുക്കില്‍ റെക്കോഡ് കുറിച്ച പ്രേം നസീര്‍ അദ്ദേഹത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും നായകന്മാരാക്കി ഓരോ സിനിമകള്‍ ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സംവിധാന ലക്‌ഷ്യം.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് ശ്രീനിവാസനും, മമ്മൂട്ടി നായകനായ ചിത്രത്തിന് ഡെന്നിസ് ജോസഫുമാണ് രചന നിര്‍വഹിക്കാനിരുന്നത്, എന്നാല്‍ പ്രേം നസീറിന്റെ ആഗ്രഹം പൂര്‍ത്തിയാകും മുന്‍പേ അദ്ദേഹത്തെ മരണം തിരികെ വിളിച്ചു.
മമ്മൂട്ടി ചിത്രം എഴുതാനിരുന്ന ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരനോട് പ്രേം നസീര്‍ ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്, “നിങ്ങള്‍ വലിയ സംഭവങ്ങള്‍ ഒന്നും എഴുതി പിടിപ്പിക്കരുതെന്നും, എനിക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ലളിതമായ ഒരു സബ്ജക്റ്റ് മാത്രമേ എഴുതി തരാവൂ എന്നുമായിരുന്നു”, പ്രേം നസീറിന്റെ ആവശ്യം.
നസീര്‍ സാറിന്റെ ഈ ആവശ്യം കേട്ടപ്പോള്‍ തനിക്ക് അത്ഭുതം തോന്നിയിരുന്നുവെന്നു പറയുകയാണ് സിനിമാ രചയിതാവായ ഡെന്നിസ് ജോസഫ്. ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഇന്ത്യയിലെ ഒരു അത്ഭുത പ്രതിഭാസം അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ ശരിക്കും അതിശയം തോന്നിയെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഡെന്നിസ് ജോസഫ് പങ്കുവച്ചു.
Post Your Comments