ഇന്ത്യയിലേക്ക് കുടിയേറുന്ന മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സഖ്യ കക്ഷികള്‍ക്കുള്ള പ്രതിഷേധം കനക്കുന്നു. ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ ബിജെപി സഖ്യകക്ഷി അസം ഗണ പരിഷത്ത് മുന്നണി വിട്ടതിന് പിറകെ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ എതിര്‍പ്പുയര്‍ത്തുകയാണ്. ത്രിപുര, നാഗാലാന്റ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ബിജെപി മുന്നണിയുടെ ഭാഗമായ നോര്‍ത്തീസ്റ്റ് ഡെമോക്രാറ്റിക്ക് അലയന്‍സിലാണ് അസ്വാരസ്യങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. ബില്ലിലെ ചില വ്യവസ്ഥകള്‍ മേഖലയിലെ തനത് ജനവിഭാഗങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് മേഘാലയ നിയമസഭ മുന്‍പു തന്നെ പ്രമേയം പാസാക്കിയിരുന്നു. ബില്ല് മുന്നോട്ട് വയക്കുന്ന പല വ്യവസ്ഥയിലും ആശങ്കയുണ്ടെന്നു അവയെ പിന്തുണയ്ക്കാനാവില്ലെന്നും മേഘാലയ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. സമാന നിലപാടുള്ള പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് തങ്ങളുടെ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി മേധാവിയുമായ സാങ്മ പ്രതികരിച്ചു. 60 അംഗ നിയമ സഭയില്‍ കോണ്‍ഗ്രസിനൊപ്പം 20 സീറ്റുകളുള്ള പാര്‍ട്ടിയാണ് എന്‍പിപി. രണ്ട് സീറ്റുകളാണ് ബിജെപിക്കുള്ളത്. ചെറുകക്ഷികള്‍ ഉള്‍പ്പെടെ ചേര്‍ത്ത് 38 സീറ്റുകള്‍ സ്വന്തമാക്കിയാണ് മേഘാലയയില്‍ ബിജെപി സഖ്യം ഭരിക്കുന്നത്.
ഇന്റീജിനിയസ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ത്രിപുരയാണ് പൗരത്വ ബില്ലിനെതിരെ ത്രിപുരയില്‍ രംഗത്തെത്തിയത്. പൗരത്വ ബില്‍ ലോക സഭ പാസാക്കിയ സാഹചര്യത്തില്‍ പുതിയ നീക്കങ്ങള്‍ പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നും ഐപിഎഫ്ടി വൃത്തങ്ങള്‍ പറയുന്നു. സിപിഎമ്മിനെ തകര്‍ത്ത് ത്രിപുരയില്‍ 35 സീറ്റുമായി ത്രിപുരയില്‍ അധികാരത്തിലെത്തിയ ബിജെപി മുന്നണിയില്‍ എട്ടുസീറ്റുകളാണ് ഐ പി എഫ് ടിക്കുള്ളത്. 59 അംഗങ്ങളാണ് ആകെ നിയമസഭയിലുള്ളത്.
നാഗലാന്റിലെ ബിജെപി സഖ്യകക്ഷി എഡിപിപിയും ബില്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി തിങ്കളാഴ്ച മന്ത്രിസഭാ യോഗം വിളിച്ച് ചേര്‍ക്കുമെന്നും നാഗാലാന്റ് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും ബില്ലിനെതിരെ രംഗത്തെത്തി. നിലവില്‍ ബിജെപി വിരുദ്ധ പക്ഷത്താണ് എംഎന്‍എഫ്. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാവില്ലെന്നാണ് കരുതുന്നതെന്നും പാര്‍ട്ടി പറയുന്നു.
Post Your Comments