റാസ് അല്‍ ഖൈമ•അറബ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സ്വദേശി പൗരനെ
റാസ് അല്‍ ഖൈമ കോടതി വിചാരണ ചെയ്തു. പലതവണ യുവതിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട യുവാവ് ഇത് കിട്ടാത്തതിനെത്തുടര്‍ന്ന് അക്രമാസക്തനാവുകയും യുവതിയുടെ കാര്‍ തകര്‍ക്കുകയും ചെയ്തെന്നാണ് കേസ്. മൂന്നാഴ്ച മുമ്പ്, 2018 ഡിസംബറില്‍ റാസ് അല്‍ ഖൈമയിലെ ഒരു കഫേയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്ന യുവതിയെ ഈ യുവാവ് തടയുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട്.
കുറ്റാരോപിതനായ വ്യക്തി തന്റെ ഫോണ്‍ നമ്പര്‍ മൂന്നു പ്രാവശ്യം യുവതിക്ക് നല്‍കിയിരുന്നെങ്കിലും യുവതി അവഗണിക്കുകയായിരുന്നു. ഇവര്‍ ഫോണ്‍ നമ്പര്‍ നല്‍കാത്തതും സംസാരിക്കാന്‍ തയ്യാറാവാത്തതുമാണ് യുവാവിനെ പ്രകോപിതനാക്കിയത്. യുവതിയെ പിന്തുടര്‍ന്ന് അവരുടെ വീട്ടിലെത്തിയ യുവാവ് കാര്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതിന് പകരം വീട്ടിലെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് കയറ്റുകയും കാറിന്റെ ഡോര്‍ തുറന്ന് യുവതിയെ അസഭ്യം പറയുകയും ചെയ്തു. യുവാവ് തന്റെ കാര്‍ പിന്നോട്ടെടുത്ത് യുവതിയുടെ കാറില്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളും അടുത്തുള്ള കെട്ടിടത്തിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
എന്നാല്‍ പ്രതി എല്ലാ ആരോപണങ്ങളും കോടതിയില്‍ നിഷേധിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് താനും ആ കഫേയില്‍ ഉണ്ടായിരുന്നെന്നും പരാതിക്കാരിയായ യുവതിയും താനും ഒരേ സമയമാണ് കഫേയില്‍ നിന്നും പുറത്തിറങ്ങിയതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ മൊബൈല്‍ നമ്പര്‍ നല്‍കുകയും യുവതിയുടെ നമ്പര്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന കാര്യം യുവാവ് നിരസിച്ചു. യുവതിയുടെ വീടിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് കാര്‍ ഓടിച്ചെന്ന അവകാശവാദം തെറ്റാണെന്നും തന്റെ വാഹനത്തിനു സമാനമായ പല വാഹനങ്ങളും സമീപത്തെ കെട്ടിടത്തിലുള്ള നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.
‘ഞാന്‍ അവളെ ശപിക്കുകയോ കാറിന് കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടില്ല ‘ യുവാവ് കോടതിയില്‍ പറഞ്ഞു. മാത്രമല്ല യുവാവിനെതിരെ പരാതിക്കാരിക്ക് മറ്റൊരു ദൃക്‌സാക്ഷി ഇല്ലെന്ന് വ്യക്തമായസാഹചര്യത്തില്‍, ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട കോടതി വിധി വരുന്നത് വരെ കേസ് മാറ്റിവയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു.
Post Your Comments