ആലപ്പുഴ : മാലിന്യം റോഡിൽ തള്ളിയ അധ്യാപകൻ കുടുങ്ങിയത് കവറിനുള്ളിലെ വിലാസവും ഫോട്ടോയും. തഴക്കര കുന്നം ചാക്കോപാടത്തിനു സമീപത്തു മാലിന്യം വലിച്ചെറിയുന്നതു പ്രദേശവാസികളെ ദുരിതത്തിലാക്കിയതോടെ വിളിച്ചു ചേർത്ത യോഗത്തിൽ ക്യാമറ സ്ഥാപിക്കുന്നതിനു തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്യാമറ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താൻ പോയപ്പോൾ പഞ്ചായത്ത് അംഗം മനു ഫിലിപ്, മുരളി വൃന്ദാവനം, വിനീത് വിജയൻ എന്നിവർ പ്ലാസ്റ്റിക് കവറുകൾ അഴിച്ചു പരിശോധിച്ചു.
മാവേലിക്കര സ്വദേശിയായ ഒരു അധ്യാപകന്റെ വിലാസവും ഫോട്ടോയും ഇതിൽനിന്നു ലഭിച്ചു. ഇവ സഹിതം മാവേലിക്കര പോലീസിൽ പരാതി നൽകി. പോലീസ് വിലാസക്കാരനെ വിളിപ്പിച്ചു മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അവസാനം ജെസിബി ഉപയോഗിച്ചു മാലിന്യം നീക്കം ചെയ്യാനും ജെസിബി വാടകത്തുക മാലിന്യം വലിച്ചെറിഞ്ഞ വ്യക്തി നൽകാനും തീരുമാനമായി.
ഇന്നലെ പ്രദേശത്തു ജെസിബി ഉപയോഗിച്ചു ശുചീകരണം നടത്തി. ഇതിനു ചെലവായ 10,660 രൂപ മാവേലിക്കര സ്വദേശി ജെസിബി ഉടമക്കു നൽകി. അതിനിടെ ഇന്നലെ പ്രദേശത്തു നിന്നു ലഭിച്ച പുതിയൊരു മാലിന്യക്കവറിൽ നിന്ന് ഓൺലൈനിൽ സാധനം വരുത്തിയ കൊല്ലകടവ് സ്വദേശിനിയുടെ വിലാസം ലഭിച്ചു. ഇതും പോലീസിനു കൈമാറി.
Post Your Comments