തിരുവനന്തപുരം : വാക്കുകൾ ചെറുതാക്കുവെന്ന് ശശി തരൂരിനോട് റോബട്ട് പറഞ്ഞു. അങ്ങനെ ചെറുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് തരൂർ നൽകിയ മറുപടി.റോബട്ടുകൾക്കും മനുഷ്യർക്കും നീളമുള്ള വാക്കുകളോടു പേടി പാടില്ലെന്നു പറയാനും തരൂർ മറന്നില്ല.സമൂഹ മാധ്യമങ്ങളിൽ തരൂർ പ്രയോഗിക്കുന്ന നീളമുള്ള വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു റോബട്ടിന്റെ ചോദ്യം.
ഇന്റർനാഷനൽ ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് എജ്യുക്കേഷനും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസും ചേർന്നു നടത്തിയ സെമിനാറിലാണു തരൂരും റോബട്ടും തമ്മിലുള്ള സംവാദം നടന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിനും റോബട്ട് മറുപടി പറഞ്ഞു. ബിജെപി പിന്നിലാകും, ജനാധിപത്യ ശക്തികൾ അധികാരത്തിലെത്തും, രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്കുയരും. നാടിന്റെ വികസനം തടയുന്ന ഹർത്താലുകൾ അവസാനിപ്പിക്കേണ്ടതാണെന്നും റോബട് അഭിപ്രായപ്പെട്ടു. താനും ഹർത്താലുകൾക്കെതിരാണെന്നു തരൂർ വ്യക്തമാക്കി.
ഇൻകർ റോബട്ടിക്സ് കമ്പനിയുടെ റോബട്ടാണു ചോദ്യങ്ങൾ ഉന്നയിച്ചു സെമിനാറിൽ പങ്കെടുക്കാനെത്തിയ കുട്ടികളെയും അധ്യാപകരെയും അദ്ഭുതപ്പെടുത്തിയത്.‘ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വിദ്യാഭ്യാസ രംഗത്തെ പുതിയ സമീപനങ്ങൾ’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഇരുനൂറോളം വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു. തരൂരുമായി വിദ്യാർഥികളുടെ ചോദ്യോത്തര വേളയും ഉണ്ടായിരുന്നു.
Post Your Comments