മലയിന്‍കീഴ്: സ്‌കൂള്‍ പരിസരത്ത് നിന്നു മൂന്ന് ബോംബ് പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് അധ്യാപകരും കുട്ടികളും എത്തുന്നതിന് നിമിഷങ്ങള്‍ക്കു മുന്‍പാണ് ബോംബുകള്‍ കണ്ടെടുത്തത്. രാവിലെ 8.30ന് നടത്തിയ പരിശോധനയില്‍ മലയിന്‍കീഴ് ജംക്ഷന് സമീപത്ത് സ്‌കൂളിന്റെ ഷെഡ്ഡിനരികില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്രസ്‌ഫോടന ശേഷി ഉള്ള ഈ ബോംബുകള്‍ ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. രാസവസ്തുക്കള്‍, കുപ്പി ചില്ലുകള്‍, പാറക്കഷണങ്ങള്‍ എന്നിവ തുണിയിലും പേപ്പറിലും പൊതിഞ്ഞ ശേഷം പുറത്ത് പ്ലാസ്റ്റിക് കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയിലായിരുന്നു ബോംബുകള്‍. 275 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 12 അധ്യാപികമാരും രണ്ട് ജീവനക്കാരും സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ സമരാനുകൂലികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ മണിക്കൂറോളം മലയിന്‍കീഴ് ജംക്ഷനില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷവുമായി ബോംബ് കണ്ടെടുത്തത് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടികളും അധ്യാപകരും വരുന്നതിന് മുന്‍പ് പൊലീസ് ബോംബുകള്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
Post Your Comments