കോട്ടയം : ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും ഇപ്പോളും പൊലീസ് ഒരുക്കിയ രഹസ്യസങ്കേതത്തില്‍ : തൃശൂര്‍ കടന്ന് പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ നിന്നുള്ള മടക്കയാത്രയില്‍ ബിന്ദുവും കനകദുര്‍ഗയും തങ്ങിയത് അങ്കമാലി നോര്‍ത്ത് കിടങ്ങൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു സമീപമുള്ള വീട്ടില്‍. ബിന്ദുവിന്റെ സുഹൃത്തായ ജോണ്‍സന്റെ വീട്ടില്‍ രാവിലെ 10 മണിയോടെയാണ് സ്വകാര്യവാഹനത്തില്‍ ഇരുവരും എത്തിയത്.
കാലടിയില്‍ നിന്ന് ഉള്‍വഴികളിലൂടെ സഞ്ചരിച്ചാണ് അവിടെയെത്തിയത്. യുവതികളെ വീട്ടിലാക്കിയ ശേഷം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹായികള്‍ മടങ്ങി. യുവതികള്‍ എത്തുന്നതിനു മുന്‍പ് 9 മണിയോടെ പൊലീസ് വീടിന്റെ പരിസരത്ത് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പില്‍ നിന്നു വിരമിച്ച ജോണ്‍സണ്‍ പരിസ്ഥിതി പ്രവര്‍ത്തകനും ഇടതു സഹയാത്രികനുമാണ്.
ജോണ്‍സന്റെ വീട്ടില്‍ യുവതികളെത്തിയ വിവരം ചോര്‍ന്നതോടെ 12.15 ന് പൊലീസ് അകമ്പടിയോടെ യുവതികളെ പുറത്തേക്കു കൊണ്ടുപോയി. ഇതിനു പിന്നാലെ ജോണ്‍സണും വീട്ടുകാരും ഇവിടെനിന്നു മാറി. വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
ജോണ്‍സന്റെ വീട്ടില്‍ നിന്ന് ഇരുവരും പൊലീസ് ഏര്‍പ്പെടുത്തിയ കാറില്‍ ദേശീയപാതയിലൂടെ ചാലക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിച്ചതായി സ്ഥിരീകരണമുണ്ടെങ്കിലും തൃശൂര്‍ ഭാഗത്തെത്തിയിട്ടില്ല. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാവല്‍ നില്‍ക്കുകയും വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്‌തെങ്കിലും യുവതികളെ കണ്ടെത്തിയില്ല.
ഇതിനിടെ, ഇരുവരും കൊരട്ടിയിലെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു വാര്‍ത്ത പരന്നു. എന്നാല്‍ ഇതു വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വാഹനത്തില്‍ കൊണ്ടു പോയ ഇരുവരെയും ഇടയ്ക്കുവച്ച് സ്വകാര്യ കാറിലേക്കു മാറ്റി. പൊലീസ് അകമ്പടി അവസാനിപ്പിക്കുകയും െചയ്തു. ചാലക്കുടി പിന്നിട്ടതു സ്‌പെഷല്‍ ബ്രാഞ്ചിന്റെ അറിവോടെയാണെങ്കിലും പിന്നീടു വിവരമില്ല.
Post Your Comments