ചരിത്രപ്രധാനമായ ശബരിമല യുവതി പ്രവേശന വിധിയും അതിനു ശേഷം ഇപ്പോള്‍ ശബരിമലയിലെ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളം വലിയ സംഘര്ങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് ആര്‍എസ്എസ്. തങ്ങള്‍ ഒരിക്കലും മാറ്റങ്ങള്‍ക്ക് എതിരല്ലെന്ന് ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. പക്ഷെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടവരായിരിക്കണം ഏതെങ്കിലും ആചാരങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതെന്നും ആര് എസ്എസ് വ്യക്തമാക്കി. ആര്‍എസ്എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
തങ്ങള്‍ ആചാരപരമായ മാറ്റങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ കോടതി വിധി നടപ്പാക്കുന്നുണ്ടെങ്കില്‍ അത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വേണമെന്നും എം. രാധാകൃഷ്ണന് പറഞ്ഞു. കേരളത്തിലെ നിരവധി ഭക്തരുടെ വിശ്വാസത്തിന്റെ പ്രശ്നമാണിത്. അതുകൊണ്ടുതന്നെ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരായിരിക്കണം അവ കൊണ്ടുവരേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകള്‍ വിശ്വാസികളല്ലെന്നും അവര്‍ തീവ്ര ഇടതുപക്ഷക്കാരാണെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തുകയും ചെയ്തു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇതുപോലുള്ള പ്രതികരണങ്ങള്‍ ഭക്തരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Post Your Comments